Site icon Ananthapuri Express

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ; 12 സീറ്റ് ആവശ്യപ്പെട്ട്‌ സിപിഐ എം

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹാവികാസ്‌ അഘാഡിയോട്‌ 12 സീറ്റ്‌ ആവശ്യപ്പെട്ട്‌ സിപിഐ എം. പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എൻസിപി നേതാവ്‌ ശരദ്‌ പവാറുമായും സംസ്ഥാന പ്രസിഡന്റ്‌ ജയന്ത്‌ പാട്ടീലുമായും മുംബൈയിൽ കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ച ഒരു മണിക്കൂറിലേറെ നീണ്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൂട്ടായ്‌മയ്‌ക്കായി സിപിഐ എം സംസ്ഥാന വ്യാപകമായി നടത്തിയ പ്രവർത്തനത്തെ പവാർ പ്രശംസിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിനെതിരെ വൻ വിജയം നേടിയ മഹാവികാസ്‌ അഘാഡിയെ സിപിഐ എമ്മും അഭിനന്ദിച്ചു. വരും ദിവസങ്ങളിൽ ശിവസേന ഉദ്ദവ്‌ വിഭാഗം, കോൺഗ്രസ്‌ നേതാക്കളെയും കാണുമെന്ന്‌ അശോക്‌ ധാവ്‌ളെ അറിയിച്ചു. കൂടിക്കാഴ്ചയിൽ വിനോദ്‌ നിക്കോളെ എംഎൽഎ, ഡോ. ഉദയ്‌ നർകാർ, ഡോ.അജിത്‌ നാവ്‌ലെ, മുൻ എംഎൽഎമാരായ നരസയ്യ ആദം, ജെ പി ഗാവിത്‌ തുടങ്ങിയവരും പങ്കെടുത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശരദ്‌ പവാറിന്റെയും മഹാവികാസ്‌ അഘാഡിയുടെയും അഭ്യർഥന മാനിച്ച്‌ ദിൻദോരി മണ്ഡലത്തിൽ ജെ പി ഗാവിത്തിന്റെ സ്ഥാനാർഥിത്വം സിപിഐ എം പിൻവലിച്ചിരുന്നു. 2019ൽ ഒരുലക്ഷത്തിലേറെ വോട്ട്‌ നേടിയ മണ്ഡലമാണ്‌. ഇത്തവണ 1,13,199 വോട്ടിനാണ്‌ എൻസിപി (പവാർ വിഭാഗം) സ്ഥാനാർഥി ഭാസ്കർ മുരളീധർ ഭാഗരേ ബിജെപിയെ തോൽപ്പിച്ചത്.

Comments
Spread the News
Exit mobile version