ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ സാമൂഹിക വിരുദ്ധർ കേടുവരുത്തിയ ചില്ലുപാലത്തിലെ ചില്ലുപാളികൾ മാറ്റി. കണ്ണാടിപ്പാളി നിർമിച്ച കമ്പനിയിലെ എൻജിനിയർമാരും സാങ്കേതിക വിദഗ്‌ധരുടെയും നേതൃത്വത്തിലാണിത്. പാലത്തിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കൽ അടുത്ത ആഴ്ചയോടെ പൂർത്തിയാകും. വിവിധ ഏജൻസികളുടെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ച സംസ്ഥാനത്തെ ഏറ്റവും വലിയ കണ്ണാടിപ്പാലം ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് വൈബ്കോസ് ഡയറക്ടർ കൂടിയായ വി കെ പ്രശാന്ത് എംഎൽഎ അറിയിച്ചു. പാലത്തിന്റെ ചില്ലുപാളികളും നിർമാണസാമഗ്രികളും നശിപ്പിച്ച സംഭവത്തിൽ ശ്രീകാര്യം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ഫോറൻസിക് വിദഗ്‌ധർ തെളിവ് ശേഖരിച്ചിട്ടുണ്ട്. പാലത്തിലേക്ക് കയറുന്ന ഭാഗത്തെ ഗ്ലാസിൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയതോടെ പരിപാലന ചുമതലയുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്കോസ്) ആണ് പരാതി നൽകിയത്. നിർമാണത്തിനായി കൊണ്ടുവന്ന മൂന്നുപാളികളുള്ള കണ്ണാടിപ്പാളിയിൽ ആയുധം ഉപയോഗിച്ച് ശക്തിയായി അടിച്ചു കേടുവരുത്താനാണ് ശ്രമിച്ചത്. 70 അടി ഉയരത്തിൽ 36 മീറ്റർ നിളത്തിലുള്ള പാലത്തിന്റെ നിർമാണച്ചെലവ് 1.2 കോടി രൂപയാണ്.
ഡിടിപിസി രൂപീകരിച്ച എൻജിനിയർമാരുടെ പാനലിന്റെ അംഗീകാരം നേടിയശേഷമാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. സിഇടിയിലെ വിദഗ്ധ സംഘമാണ് പ്ലാൻ തയ്യാറാക്കിയത്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. കോഴിക്കോട് എൻഐടി- സംഘമാണ് അന്തിമ പരിശോധന നടത്തിയത്.
പാലം സുരക്ഷിതം, നശിപ്പിച്ചാലും ചില്ല് തകരില്ല
പാലത്തിലെ ചില്ലുകൾ 100 ശതമാനവും സുരക്ഷിതമാണെന്ന് വിദഗ്‌ധർ. കേടാക്കിയ ചില്ലുപാളികളിൽ വിള്ളൽ വീണെങ്കിലും തകർന്നിട്ടില്ല. പോറൽ വീണ പാളിയിൽ ഒരു സമയം ആറുപേർവരെ കയറിനിന്ന് ചില്ലിന്റെ ബലം പരീക്ഷിച്ചു. ഫ്രഞ്ച് കമ്പനിയായ സെന്റ് ഗോബൈനിൽനിന്നാണ് ചില്ലുകൾ വാങ്ങിയത്. മൂന്ന് പാളികളടങ്ങുന്ന ഓരോ ഗ്ലാസ് പാനലിനും 200 കിലോഗ്രാം ഭാരമുണ്ട്. 12 മില്ലിമീറ്റർ കനത്തിൽ മൂന്ന് പാളികൾ ചേർന്നതാണ് ഭീമൻ ഗ്ലാസ്. എന്നാല്‍ കേടുവരുത്താന്‍ ശ്രമിച്ച മുഴുവന്‍ ഗ്ലാസുകളും മാറ്റി സ്ഥാപിച്ചു.