ഇടയ്ക്കിടെ തണുപ്പിച്ച പഴങ്ങളും പച്ചക്കറികളും… അന്തരീക്ഷം തണുപ്പിക്കാൻ ജലസ്‌പ്രേ, എയർ കണ്ടീഷണർ… തിരുവനന്തപുരം മൃഗശാലയിലെ അന്തേവാസികൾ ഈ ചൂടുകാലവും കൂൾ കൂൾ ആയി കടന്നുപോകും. കുരങ്ങുകൾ, മുള്ളൻപന്നി, പന്നിക്കരടി, ഹിമാലയൻ കരടി എന്നീ മൃഗങ്ങൾക്ക് ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഫ്രീസറിൽ വച്ച് തണുപ്പിച്ച് ഐസ് ഫ്രൂട്ടിന്റെ മാതൃകയിലാണ് നൽകുന്നത്. നേരിട്ട് വെയിലേൽക്കുന്ന തുറന്ന കൂടുകളിലെ മൃഗങ്ങൾക്ക് വിശ്രമിക്കാൻ തെങ്ങോലയിലും പനയോലയിലും നിർമിച്ച കുടകളുണ്ട്. കടുവ, സിംഹം, പന്നിക്കരടി, ഹിമാലയൻ കരടി എന്നിവയുടെ കൂടുകളിൽ ജലം സ്പ്രേ ചെയ്യുന്ന സംവിധാനവും അമേരിക്കൻ റിയ പക്ഷികൾ, പുള്ളിപ്പുലി, നീലക്കാള എന്നിവയുടെ കൂടുകൾ, ശലഭോദ്യാനം എന്നിവിടങ്ങളിൽ വെള്ളം തളിക്കാൻ സ്പ്രിങ്ക്ളർ സംവിധാനവും നേരത്തേ ഒരുക്കിയിട്ടുണ്ട്. പാമ്പിൻകൂടുകളിൽ എസിക്കുപുറമെ ഫാനുകളും സജ്ജം. വേനൽക്കാലം ആരംഭിച്ച ശേഷം ഇതുവരെ മൃഗങ്ങൾക്ക് സൂര്യാഘാതമോ നിർജലീകരണമോ ഉണ്ടാകാത്തത് സംവിധാനങ്ങൾ കാര്യക്ഷമമാണെന്നതിന്റെ തെളിവാണെന്ന് മൃഗശാല അധികൃതർ പറഞ്ഞു. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മൃഗങ്ങളുടെ സംരക്ഷണത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തിയത്. മൃഗശാല വെറ്ററിനറി സർജൻ നികേഷ് കിരണിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം വനിതാ കോളേജിലെ ജീവശാസ്‌ത്ര വിഭാഗം അധ്യാപികയായ ഡോ. വോൾഗ, ബിരുദാനന്തര ബിരുദ വിദ്യാർഥി ലക്ഷ്മി എന്നിവർ അന്തരീക്ഷ ഊഷ്മാവും ആർദ്രതയും മൃഗങ്ങളിൽ ഉണ്ടാക്കുന്ന മാറ്റത്തെപ്പറ്റി പഠിക്കുന്നുണ്ട്. ആശങ്കാജനകമായ ഒന്നുംതന്നെ ഇവരും കണ്ടെത്തിയിട്ടില്ല. ഉഷ്‌ണതരംഗ സാധ്യത കണക്കിലെടുത്ത് മൃഗശാലകൾ തമ്മിലുള്ള കൈമാറ്റങ്ങൾ കേന്ദ്ര മൃഗശാല അതോറിറ്റി നിർത്തിവച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ പല മൃഗശാലകളും ജലദൗർലഭ്യം ഉൾപ്പെടെയുള്ള കടുത്ത സാഹചര്യങ്ങൾ നേരിടുമ്പോഴും തിരുവനന്തപുരം മൃഗശാല വേനൽക്കാലത്തെ കൃത്യമായ നടപടികളിലൂടെ നേരിടുകയാണ്. രണ്ട് കുളങ്ങളും കുഴൽക്കിണറുകളും കൂടാതെ സംസ്ഥാന ജല അതോറിറ്റിയുടെ ജലവിതരണവും ഉള്ളതിനാൽ ജലദൗർലഭ്യതയുടെ സാഹചര്യമില്ലെന്ന് സൂപ്രണ്ടിന്റെ ചുമതലയുള്ള നികേഷ് കിരൺ അറിയിച്ചു.
ഫാനുണ്ട്, എസിയുണ്ട്, ഐസ് ഫ്രൂട്ടുണ്ട് !!!

Comments