Site icon Ananthapuri Express

ലൈംഗികാധിക്ഷേപത്തിന്‌ നേതാക്കൾക്കെതിരെ പരാതി മഹിളാ കോൺ. ജില്ലാ സെക്രട്ടറിക്ക്‌ സ്ഥാനംപോയി

കോൺഗ്രസ്‌ നേതാക്കളുടെ മോശം പെരുമാറ്റത്തിനും വധഭീഷണിക്കുമെതിരെ പൊലീസിൽ പരാതി നൽകിയ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേരള പ്രദേശ്‌ മഹിളാ കോൺഗ്രസിന്റെ അച്ചടക്ക നടപടി. ആറ്റിങ്ങൽ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം എന്നിവരുടെ ലൈംഗികാധിക്ഷേപത്തിനും അസഭ്യ പ്രയോഗങ്ങൾക്കും ജാതി അധിക്ഷേപത്തിനും വധഭീഷണിക്കുമെതിരെ പരാതി നൽകിയ വക്കം സുധയെയാണ്‌ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കിയത്‌. കേരള പ്രദേശ് മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി (സംഘടന കാര്യം) എൽ അനിത ഒപ്പിട്ട കത്തിന്റെ പകർപ്പ്‌ ജില്ലാ പ്രസിഡന്റ്‌ ഗായത്രി നായർക്കും കൈമാറിയിട്ടുണ്ട്. സമ്പത്തികത്തട്ടിപ്പ് കേസ് നിലവിലുണ്ടെന്നാരോപിച്ചാണ് വക്കം സുധയ്‌ക്കെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന ഘടകം നടപടി സ്വീകരിച്ചത്. ആറ്റിങ്ങൽ നഗരസഭ പതിമൂന്നാം വാർഡ് കൗൺസിലർ കെ ജെ രവികുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ശ്രീരംഗൻ എന്നിവർക്കെതിരെയാണ്‌ വക്കം സുധ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയത്‌. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ തന്റെ പ്രായമോ സ്ത്രീ എന്ന പരിഗണനയോ നൽകാതെ ലൈംഗിക ചുവയോടെ സംസാരിക്കുന്നതായും ജാതിപ്പേരിൽ ചീത്ത വിളിക്കുന്നതായും അപവാദ പ്രചാരണങ്ങൾ നടത്തുന്നു എന്നിങ്ങനെയാണ്‌ പരാതി. വിലക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഫോണിൽ വിളിച്ച് കേട്ടാലറയ്‌ക്കുന്ന അശ്ലീലം പറഞ്ഞതായും വധഭീഷണി ഉള്ളതായും പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച്‌ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പരാതി സംബന്ധിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് തിരക്കിട്ട അച്ചടക്ക നടപടി.

Comments
Spread the News
Exit mobile version