Site icon Ananthapuri Express

മണ്ണന്തലയിലെ ബോംബ് നിർമ്മാണം പോലീസിനെ ലക്ഷ്യംവെച്ചോ? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരത്ത് മണ്ണന്തലയില്‍ യുവാക്കളുടെ നാലംഗസംഘം നാടൻബോംബ് നിർമിച്ചത് പോലീസിനെ ആക്രമിക്കാനാണോ എന്ന് സംശയം ബലപ്പെടുന്നു. ബുധനാഴ്ച വൈകിട്ട് നാടൻബോംബ് നിർമിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്ഫോടനത്തില്‍ നാലുപേർക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാള്‍ക്ക് ഇരുകൈപ്പത്തികളും സ്ഫോടനത്തില്‍ നഷ്ടമായി. യുവാക്കളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലംകോട് പന്നിയോട്ടുകോണം സ്വദേശി അനിജിത്ത് (18), വട്ടപ്പാറ വേങ്കവിള സ്വദേശി അഖിലേഷ് (19), നെടുമങ്ങാട് സ്വദേശി അനിരുദ്ധ് (18), വട്ടപ്പാറ സ്വദേശി കിരണ്‍ (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതില്‍ അനിരുദ്ധിനാണ് സ്ഫോടനത്തില്‍ കൈപ്പത്തികള്‍ നഷ്ടമായത്. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടുകൂടിയാണ് സ്ഫോടനമുണ്ടായത്. മണ്ണന്തല സ്റ്റേഷൻ പരിധിയില്‍ മുക്കോലയ്ക്കലില്‍ ഒരു പാർക്കിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് സംഭവം.

രണ്ടു ബൈക്കുകളിലായെത്തിയ സുഹൃത്തുക്കള്‍ ഒരു മരച്ചുവട്ടിലിരുന്ന് ബോംബുനിർമാണത്തില്‍ ഏർപ്പെടുകയായിരുന്നു. അധികം ആളനക്കമില്ലാത്ത സ്ഥലമായതിനാല്‍ സംഭവത്തെക്കുറിച്ച്‌ ആദ്യം പുറത്തറിഞ്ഞില്ല. അനിരുദ്ധിന് ഇരു കൈപ്പത്തികളും നഷ്ടമായപ്പോള്‍ അനിജിത്ത്, അഖിലേഷ്, കിരണ്‍ എന്നിവരുടെ കൈപ്പത്തികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

സ്ഫോടനത്തിന് പിന്നാലെ ഓട്ടോറിക്ഷ വിളിച്ചാണ് നാല്‍വർ സംഘം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു പോയത്. പാചകവാതകം ചോർന്ന് തീപിടിച്ച്‌ പൊള്ളലേറ്റുവെന്നാണ് ഓട്ടോഡ്രൈവറോട് ഇവർ പറഞ്ഞത്. സ്ഫോടനശബ്ദം കേട്ട് എത്തിയവരാണ് വിവരം മണ്ണന്തല പോലീസില്‍ അറിയിച്ചത്. തുടർന്നാണ് വിശദമായ അന്വേഷണത്തിനൊടുവില്‍ നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ബോംബുനിർമ്മാണത്തിന് ഇവർ കൊണ്ടുവന്ന കരിമരുന്നും മറ്റു സാധനസാമഗ്രികളും പോലീസ് പിടികൂടിയിട്ടുണ്ട്. പോലീസിനെ ആക്രമിക്കാനാണോ ഇവർ നാടൻബോംബ് ഉണ്ടാക്കിയത് എന്നു സംശയിക്കുന്നതായി മണ്ണന്തല പോലീസ് അറിയിച്ചു.

Comments
Spread the News
Exit mobile version