Site icon Ananthapuri Express

അണ്ണനേ ജയിക്കൂ

പലപ്പോഴും വരാറുള്ള ആ കറുത്ത നിറമുള്ള സ്‌കൂട്ടർ വ്യാഴം രാവിലെ ഏഴോടെ പെരുങ്കുഴി ജങ്‌ഷനിലെത്തി. ടീ ഷർട്ടും ലുങ്കിയുമുടുത്ത്‌ വണ്ടിയിൽനിന്ന്‌ ഇറങ്ങിയ നാട്ടുകാരുടെ ജോയി അണ്ണൻ നേരെ നാസറിക്കയുടെ ചായക്കടയിലേക്ക്‌… ‘ഒരു വിത്തൗട്ട് സ്‌ട്രോങ് ചായ,’ ശബ്ദം കാതിലെത്തും മുന്നേ ചായ തയ്യാർ. ചായ മാത്രമല്ല, നാട്ടുകാരനായ വി ജോയിക്ക്‌ ഇത്തവണ വോട്ടും സ്‌ട്രോങ്‌ ആണെന്ന്‌ നാസറിക്കയുടെ മുഖത്തുനിന്ന്‌ വായിച്ചെടുക്കാം.  ചായ കുടിച്ച്‌ കടയിലെത്തിയവരോടെല്ലാം പതിവുപോലെ കുശലാന്വേഷണം. അതിനിടെ തൊട്ടടുത്ത് മലക്കറിക്കട നടത്തുന്ന രവിയണ്ണനും എത്തി. ‘ഇവിടെത്തെ കാര്യം എല്ലാം ഓക്കെയാണ്. നമ്മുടെ നാട്ടിലെ വോട്ട് മുഴുവൻ ജോയിക്ക്‌ തന്നെയാണ്‌. അതിൽ ഒരു മാറ്റവുമില്ല, എനിക്ക് അതുറപ്പുണ്ട്’–- അദ്ദേഹത്തിന്റെ വാക്കുകളിൽ തികഞ്ഞ ആത്മവിശ്വാസം. ഇരുവരും വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെയാണ്‌ ജോലിക്ക് പോകാനായി നാലുമുക്കിലെ ആശാരി സുരേഷിന്റെ വരവ്. ‘ജോയിയണ്ണാ സുഖമാണോ? അണ്ണന്റെ കൂടെ ഞങ്ങളുണ്ട്, അണ്ണനേ ജയിക്കൂ’ എന്നും പറഞ്ഞ്‌ സുരേഷും വിശേഷങ്ങൾ ചോദിച്ചുതുടങ്ങി. വന്നവരോടെല്ലാം സ്ഥാനാർഥി വിശേഷങ്ങൾ പങ്കുവച്ചു.    ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും അണ്ണനാണ്‌ വി ജോയി. കാണുന്നവർക്കെല്ലാം ഒരു കാര്യമാണ്‌ പറയാനുള്ളത്‌. ‘വർക്കല ചെയ്യുന്ന പോലെയുള്ള ഒരുപാട് വികസനപ്രവർത്തനങ്ങൾ നമ്മുടെ നാട്ടിലും കൊണ്ടുവരണം. അണ്ണനെക്കൊണ്ട് അതിനുപറ്റും.  ഈ നാട്‌ അണ്ണനൊപ്പമുണ്ട്‌.’ പ്രിയപ്പെട്ട സ്ഥാനാർഥിയുടെ വിജയത്തിനായി നാടുമുഴുവൻ ഒരുമിച്ചു കൈക്കോർക്കുകയാണിവിടെ.

നെടുമങ്ങാട്ട്‌ പര്യടനം നാളെ

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി വി ജോയിയുടെ നെടുമങ്ങാട് നിയോജക മണ്ഡലം പര്യടനത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 7.30ന് കായ്പാടിയില്‍നിന്ന്‌ പര്യടനം ആരംഭിക്കും. മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. പള്ളിമുക്ക്, കിഴക്കേല, എട്ടാം കല്ല്, കരകുളം പാലം, കരകുളം പഞ്ചായത്ത് ഓഫീസ്, പഴയാറ്റിന്‍കര, തറട്ട, കാച്ചാണി, മുക്കോല, വേറ്റിക്കോണം, വഴയില, ആറാംകല്ല്, നെടുമ്പ, പള്ളിത്തറ, ഏണിക്കര, എച്ച് എസ് ജങ്ഷന്‍, മുക്കോല, പ്ലാത്തറ, കൊടൂര്‍, പേഴുംമൂട്, കരയാളത്തുകോണം, കാരമൂട്, പ്ലാവുവിള, കല്ലയം, കീഴ്കല്ലയം, കിഴക്കേ മുക്കോല, മുക്കോല, മരുതൂര്‍, മരുതൂര്‍ ഏല, ചിറ്റാഴ, അമ്പലനഗര്‍, വട്ടപ്പാറ, ഒഴുകുപാറ, കുറ്റിയാണി, കണക്കോട്, മുളങ്കാട്, മണ്ഡപം, മൊട്ടമൂട്, നിരക്കല്‍, ചിറമുക്ക്, പെരുങ്കൂര്‍, വേറ്റിനാട്, ഇടുക്കുംതല, നെടുവേലി, ദേവിനഗര്‍, മരുതുംമൂട്, നന്നാട്ടുകാവ്, വഴയ്ക്കാട്, ചാത്തന്‍പാറ, കൊഞ്ചിറ എന്നീ കേന്ദ്രങ്ങളിലെ പര്യടനശേഷം രാത്രി എട്ടിന് കന്യാകുളങ്ങരയില്‍ സമാപിക്കും.

മുഖ്യമന്ത്രിയുടെ പ്രചാരണം ശനിയാഴ്ച മുതൽ

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക്‌ ശനിയാഴ്‌ച തുടക്കമാകും. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ കൺവൻഷൻരാവിലെ 9.30ന്‌ നെയ്യാറ്റിന്‍കര ജങ്‌ഷനിലും തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൺവൻഷൻ വൈകിട്ട്‌ അഞ്ചിന് പേട്ട പള്ളിമുക്കിൽ കെ പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും നടക്കും.

Comments
Spread the News
Exit mobile version