വേനലവധിക്കാലം കുട്ടികൾക്ക് വിശ്രമവും ഉല്ലാസവുമാക്കാൻ കിളിക്കൂട്ടം 2024 എന്ന പേരിൽ ഏപ്രിൽ – മെയ് മാസങ്ങളിൽ സംസ്ഥാന ശിശുക്ഷേമ സമിതി മാനസ്സികോല്ലാസ അവധിക്കാല കൂട്ടായ്മ സംഘടിപ്പിക്കുന്നു. തൈക്കാട് സമിതി ആസ്ഥാനത്തെ അങ്കണത്തിൽ പ്രത്യേക മാജിക് പാർക്ക് ഒരുക്കിയാണ് രണ്ടു മാസം നീണ്ടു നിൽക്കുന്ന അവധിക്കാല ക്യാമ്പ്. കുട്ടികളിലെ മാനസ്സീക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം അവരുടെ അസാധാരണമായ കഴിവുകൾ മിനുസപ്പെടുത്തി പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടി ഒരുക്കുകയാണ് ക്യാമ്പിലൂടെ സമിതി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.
നേഴ്സറി മുതൽ ഹയർസെക്കൻററി തലം വരെയുള്ള കുട്ടികളെ 4-5, 6-8, 9-12, 13-16 എന്നീ വിഭാഗങ്ങളായി തിരിച്ചാണ് ക്യാമ്പിൽ പ്രവേശനം നൽകുക. വാഹനസൌകര്യം ഉണ്ടായിരിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും നടത്തുന്ന രണ്ടു മാസത്തെ ക്യാമ്പിന് 1500/- രൂപയാണ് ഫീസ്. നിശ്ചിത അപേക്ഷാ ഫോറം സമിതിയിൽ നിന്ന് നേരിട്ട് വിതരണം ചെയ്യുന്നതാണ്. ബന്ധപ്പെടേണ്ട നമ്പരുകൾ : 0471 2324939, 2324932, 9847464613