കരുതലിന്റെ നല്ലപാഠം പറഞ്ഞുതന്ന് മാതൃകയാവുകയാണ് ഈ കുരുന്നുകൾ. വെങ്ങാനൂർ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ നാലാം ക്ലാസിലെ ഒമ്പത് വിദ്യാർഥികളുടെ കരുതലിൽ സഹപാഠി ഹേമയ്ക്ക് ഇനി ഓൺലൈനായി പഠിക്കാം.
സ്‌കൂൾ അടച്ചതിനാൽ കാണാൻ കഴിയാതെ സങ്കടപ്പെട്ട കുട്ടികൾക്ക് രക്ഷിതാക്കൾ വാട്‌സാപ്പിൽ ഒരു ഫ്രണ്ട്‌സ്ഗ്രൂപ്പ് തുടങ്ങി നൽകി. എന്നാൽ സ്മാർട്ട് ഫോൺ ഇല്ലാത്ത ഹേമയെ മാത്രം ചേർക്കാനായില്ല. ഹേമയ്ക്കായി കുട്ടികൾതന്നെയാണ് മുന്നിട്ടിറങ്ങിയത്. പുതിയ മൊബൈൽഫോൺ വാങ്ങി നൽകാമെന്നും ഓരോരുത്തരും തങ്ങൾ സ്വരുക്കൂട്ടിയ കാശ് നൽകാമെന്നും തീരുമാനിച്ചു. ഹേമയുടെ ഉറ്റസുഹൃത്തായ ആദിനന്ദന വിവരം അച്ഛൻ പ്രവീണിനോട് പറഞ്ഞു. മറ്റ് കുട്ടികളായ സുദീപ്, അലീന, ദേവാംഗന, അവന്തിക, വൈഗ, അനന്തലക്ഷ്മി, അസദുള്ള, ശിവറാം എന്നിവരുടെ രക്ഷിതാക്കളുമായി പ്രവീൺ വിഷയം പങ്കുവച്ചു. കുട്ടികളുടെ നല്ലമനസ്സ് വലിയവരും ഉൾക്കൊണ്ടു.
വിഷുവിന് ലഭിച്ച കൈനീട്ടവും മറ്റുമായി സമാഹരിച്ച തുകയ്ക്ക് കുട്ടികൾ ഫോൺവാങ്ങി ഹേമയ്ക്ക് നൽകുകയായിരുന്നു. അമ്മ ഷീജയ്‌ക്കൊപ്പമെത്തിയ ഹേമയ്ക്ക് സ്‌കൂളിൽവച്ച് പ്രിൻസിപ്പൽ ടി എസ് ബീന, പ്രധാനാധ്യാപകൻ എൽ സുരേഷ് എന്നിവർക്കൊപ്പം കൂട്ടുകാർ ഫോൺ സമ്മാനിച്ചു. അധ്യാപകൻ വിഷ്ണുലാൽ, കെ സുരേഷ്‌കുമാർ, ആർ അരുൺകുമാർ, പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.
Comments