Site icon Ananthapuri Express

സ്റ്റാർട്ടപ്പ് മിഷനും ഭാവി കേരളവും

കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ലോകമെമ്പാടും തൊഴില്‍മേഖല വന്‍ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു സ്ഥിര ജോലി നേടി തൊഴില്‍ ജീവിതം മുഴുവന്‍ അതെ ജോലിയില്‍ തുടരുക എന്ന ചിന്താഗതി ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. നവീനമായ ആശയങ്ങള്‍ സ്വയം പ്രാബല്യത്തില്‍ വരുത്തുന്ന സംരംഭകത്വത്തിന്റെ ഈ കാലത്ത്, പ്രോത്സാഹനവും കൃത്യമായ മാര്‍ഗദര്‍ശനവുമുണ്ടെങ്കില്‍ നമ്മുടെ സംസ്ഥാനത്തിന് ബഹുദൂരം മുന്നോട്ടുപോകാന്‍ പറ്റുന്ന മേഖലയാണിത്.

കേരളത്തിലെ സംരംഭകത്വ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നത് നിലവിലുള്ള LDF സര്‍ക്കാര്‍ രൂപീകരിച്ച കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) ആണ്. നവസംരംഭകര്‍ക്ക് ആവശ്യമായ നിയമസഹായം, വിപണനസഹായം, ഗവേഷണ ഗ്രാന്റുകള്‍ മുതലായവ നല്‍കുക, പരിചയസമ്പന്നരായ ഉപദേഷ്ടാക്കളെ (മെന്റര്‍) കണ്ടെത്താല്‍ സഹായിക്കുക, വെര്‍ച്ച്വല്‍ റിയാലിടി, റോബോടിക്സ്‌ മുതലായ ആധുനിക സാങ്കേതിക വിദ്യകള്‍ തുടങ്ങി നേതൃത്വപാടവമടക്കമുള്ള വിഷയങ്ങളില്‍ ട്രെയിനിംഗ് നല്‍കുക, പേറ്റന്റ്‌ എടുക്കുന്നതിനും ഫണ്ട്‌ സ്വരൂപിക്കുന്നതിനുമാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക മുതലായവയിലെല്ലാം സ്റ്റാര്‍ട്ടപ്പ്‌ മിഷന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. നല്ല ബിസിനസ് ഇതോടൊപ്പം തന്നെ പുതിയ സംരംഭങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയിരിക്കുന്ന ആധുനികമായ ഫാബ് ലാബുകള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റിയ തുടക്കങ്ങളാണ്.

ഈ ജനുവരിയില്‍ കൊച്ചിയില്‍ ഉല്‍ഘാടനം ചെയ്ത ടെക്നോളജി ഇന്നോവെഷന്‍ സോണ്‍ (TIZ) ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഹബ് ആണ്. അഞ്ഞൂറിലധികം സ്ഥാപനങ്ങളിലായി രണ്ടരലക്ഷം പേര്‍ക്ക് ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ കേരളയും ഈ സര്‍ക്കാര്‍ മലയാളി യുവതയ്ക്കായി ഒരുക്കുന്ന സുവര്‍ണാവസരമാണ്.

സ്കൂള്‍ തലം മുതല്‍ തന്നെ സ്വന്തം സംരംഭങ്ങള്‍ തുടങ്ങാനാവശ്യമായ പരിശീലനവും മാര്‍ഗദര്‍ശനവും കുട്ടികള്‍ക്ക് നല്‍കുന്നതില്‍ സംസ്ഥാനം വളരെ മുന്നിലാണ്. പൊതുവിദ്യാലയങ്ങള്‍, കലാലയങ്ങള്‍ മുതലായി ഓരോ തലത്തിലും ഇതിനാവശ്യമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. ഇതിനോടകം തന്നെ നൂറിലധികം സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമായിട്ടുണ്ട്. തുടങ്ങുന്ന എല്ലാ സംരംഭങ്ങളും വിജയിക്കില്ല എന്ന സത്യം കൂടെ കണക്കിലെടുത്താണ് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് നയം രൂപികരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആദ്യ അവസരത്തില്‍ പരാജയപ്പെട്ട സംരംഭകരോട് വിവേചനം കാട്ടാതെ അവര്‍ക്ക് വീണ്ടും തുടങ്ങാനുള്ള പ്രോത്സാഹനവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കാനുള്ള വ്യവസ്ഥ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് നയത്തിന്റെ ഭാഗമാണ്.

വലുതും ചെറുതുമായ സംരംഭങ്ങളെയും അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആവശ്യമുള്ളവരെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ കൂടുതല്‍ ക്രിയാത്മകമായ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കും എന്നാണു പ്രദേശവാസികളുടെ അഭിപ്രായം. ഇതോടൊപ്പം ഇപ്പോള്‍ വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ചു നടത്തുന്ന സംരംഭകത്വവികസനപദ്ധതികള്‍, പരിശീലനപരിപാടികള്‍ മുതലായവയില്‍ റെസിഡെന്റ്സ് അസ്സോസ്സിയേഷനുകള്‍ക്കും മറ്റും വലിയ പങ്കു വഹിക്കാനാകും. സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമല്ല, കൃഷി, പരമ്പരാഗതവ്യവസായങ്ങള്‍, കൈത്തൊഴിലുകള്‍ മുതലായ മേഖലകളിലെ സംരംഭങ്ങളും കാലത്തിന്റെ ആവശ്യമാണത്രെ. ഇത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിലും വിജയിപ്പിക്കുന്നതിലും പ്രാദേശികമായ ഇടപെടലുകള്‍ക്ക് വലിയ പങ്കാണ് ഉള്ളത്. ബഹുജനപങ്കാളിത്തത്തോടെ നടത്താവുന്ന ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനും ഏകോപിപ്പിക്കുവാനും നഗരസഭയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കപ്പെട്ടു.

മാറുന്ന കാലത്തിന്റെ മാറി വരുന്ന ആവശ്യങ്ങള്‍ എല്ലാ തുറകളിലും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഒരു തലമുറയുടെ തൊഴില്‍സംസ്കാരം തന്നെ പുനര്‍നിര്‍വചനം നടത്തപ്പെടുന്ന ലോകത്ത് നമുക്കും ഒപ്പം ഓടിയെത്താനും നേട്ടങ്ങള്‍ കൊയ്യാനും സുവ്യക്തമായ നയങ്ങളും ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളും കൈമുതലാവുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ സർക്കാർ ഇനിയും ബഹുദൂരം മുന്നോട്ടു പോകാൻ ഉണ്ട്, പക്ഷെ നിലവിലെ കേരള സർക്കാരിന് ഈ ലക്ഷ്യത്തിലേയ്ക്ക് എത്താൻ കഴിയും എന്ന് തന്നെയാണ് ഈ രംഗത്തെ പ്രമുഖരുടെ വിലയിരുത്തൽ .

Comments
Spread the News
Exit mobile version