Site icon Ananthapuri Express

കഴക്കൂട്ടത്ത് കോര്‍പറേഷന്റെ രണ്ടാമത്തെ പൊതുശ്മശാനം ഉദ്ഘാടനത്തിന് തയ്യാർ

കഴക്കൂട്ടം കേന്ദ്രീകരിച്ച് പൊതുശ്മശാനം വേണമെന്ന നാട്ടുകാരുടെ ആവശ്യം യാഥാര്‍ഥ്യമാകുകയാണ്. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനു സമീപത്തായി കാട്ടുകുളത്താണ് ശാന്തിതീരം എന്ന പേരിൽ ശ്മശാനമൊരുങ്ങുന്നത്. കാലാകാലങ്ങളായി മൃതദേഹങ്ങള്‍ മറവുചെയ്തിരുന്ന സ്ഥലത്തുതന്നെയാണ് ശ്മശാനം നിര്‍മിച്ചത്. പൂന്തോട്ടം, വരാന്ത, ഓഫീസ്, പാർക്കിങ് സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. നാലുമുക്ക് ജങ്ഷനിൽനിന്ന് തെക്കേമുക്ക് വഴിയും കഴക്കൂട്ടം ജങ്ഷനിൽ നിന്ന് റെയിൽവേ മേൽപ്പാലത്തിലൂടെയും ഇവിടേയ്ക്ക് എത്തിച്ചേരാം. സാങ്കേതിക പ്രശ്നംമൂലം ബർണറുകൾ സ്ഥാപിക്കാനുള്ള കാലതാമസമുണ്ടായെങ്കിലും മേയർ ആര്യ രാജേന്ദ്രന്റെയും മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമന്റെയും കൗൺസിലർ എൽ എസ് കവിതയുടെയും ശ്രമഫലമായി നിർമാണപ്രവർത്തനങ്ങൾ വേ​ഗത്തിലാക്കി. റെയിൽവേ ലൈനിനു സമീപമായതിനാൽ വൈദ്യുതി ഒഴിവാക്കി ഗ്യാസ് ബർണറുകൾമാത്രം ഉപയോഗിക്കാന്‍ തീരുമാനിച്ചു. 1.88 കോടി രൂപ പദ്ധതിച്ചെലവിൽ 4500 ചതുരശ്രയടി വിസ്തീർണത്തിൽ 45 സെന്റ് സ്ഥലത്താണ് ശ്മശാനം. രണ്ടുമണിക്കൂർകൊണ്ട് മൂന്നു സിലിണ്ടറുകളിൽനിന്ന് ഒരേസമയം ഗ്യാസ് കടത്തിവിട്ട് രണ്ടു മൃതദേഹങ്ങൾ ദഹിപ്പിക്കാന്‍ കഴിയും. പുക വെള്ളത്തിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച് 30 മീറ്റർ ഉയരമുള്ള പൈപ്പ് വഴി പുറത്തുവിടുന്നതുകൊണ്ട് ദുർഗന്ധം ഉണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു. നവംബറിൽ പൊതുശ്മശാനം ഉദ്ഘാടനം ചെയ്യും.

Comments
Spread the News
Exit mobile version