മേയർ ആര്യ രാജേന്ദ്രനോട് അസഭ്യ ആംഗ്യം കാണിച്ച കെഎസ്‌ആർടിസി ബസ് ഡ്രൈവർ യദുവിനെതിരെ കൂടുതൽ പരാതികൾ. ഡേ കെയറിലെ അനാശാസ്യം തടഞ്ഞ വീട്ടുടമയെ വീടുകയറി ഇയാൾ അക്രമിക്കാൻ ശ്രമിച്ചതായുള്ള വിവരവും പുറത്തുവന്നു. 2023 നവംബറിലാണ് വീട്ടുടമ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയത്. ഇയാൾ നിരന്തരമായി പാമാംകോടുള്ള ഡേ കെയറിൽ സ്ത്രീകളുമായി എത്തുന്നതായി അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടു. തുടർന്ന് യദു വീട്ടുടമയെ വീടുകയറി ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. മലയിൻകീഴ് പൊലീസിൽ ആദ്യം പരാതി നൽകി. സ്റ്റേഷനിൽവച്ച് ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സമ്മതിച്ച് ഒത്തുതീർപ്പാക്കിയശേഷം വീണ്ടും യദു ഈ വീട്ടിൽ എത്തിയതിനെ തുടർന്ന് രണ്ടാമതും പരാതി നൽകി. യദുവിന്റെ അമ്മ, ഡേ കെയർ നടത്തിപ്പുകാരി, യദുവിന്റെ സഹോദരൻ എന്നിവർ ഒരു ശല്യവും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സ്റ്റേഷനിൽവച്ച് പരാതി തീർപ്പാക്കുകയായിരുന്നു. രണ്ട് വർഷംമുമ്പ് നേമം സ്വദേശിയായ മധ്യവയസ്കയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിനെ തുടർന്ന് ഇവർ നേമം പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടുകാർ മാപ്പ് പറഞ്ഞ് കേണപേക്ഷിച്ചതിനെ തുടർന്ന് കേസ് പിൻവലിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷം മുന്നേ പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്ന സമയത്ത് പ്രാവച്ചമ്പലത്ത് ബസ് നിർത്തിയിടുന്നതിന് സമീപത്തെ വീട്ടിലുള്ള യുവതിയെ ലൈംഗിക ചേഷ്ഠ കാണിച്ചതിന് യുവതിയുടെ ഭർത്താവും ബന്ധുകളും ചേർന്ന് ഇയാളെ കൈകാര്യം ചെയ്‌തിരുന്നു.
യദുവിനെതിരെ കൂടുതൽ പരാതികൾ

Comments