Site icon Ananthapuri Express

ആറ്റുകാൽ ദേവി ആശുപത്രിയിൽ 
ശസ്‌ത്രക്രിയക്കുപിന്നാലെ യുവതി മരിച്ചു

മണക്കാട്‌ ആറ്റുകാൽ ദേവി ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവതി മരിച്ചു. വന്ധ്യതയ്ക്ക് ചികിത്സ തേടിയ യുവതിയാണ് ഞായർ രാവിലെ മരിച്ചത്. വിഴിഞ്ഞം കോട്ടുകാൽ തെങ്ങുനട്ടവിളയിൽ ഷിബു ഭവനിൽ പി ഷിബു കുമാറിന്റെ ഭാര്യ മഞ്ജുഷ (47) യാണ്‌ മരിച്ചത്‌. മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന്‌ ബന്ധുക്കളുടെ പരാതിയിൽ ഫോർട്ട്‌ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എട്ടുവർഷം മുമ്പ്‌ വിവാഹിതയായ മഞ്ജുഷ നാലുവർഷമായി ആറ്റുകാൽ ദേവി ആശുപത്രിയിൽ വന്ധ്യതാ ചികിത്സയിലാണ്‌. അതിനിടെ സ്കാനിങ്ങിൽ ഗർഭാശയത്തിൽ ആറ്‌ മുഴകൾ കണ്ടെത്തി. ഇത് നീക്കിയാൽ മാത്രമെ ചികിത്സ തുടരാനാകൂ എന്നായിരുന്നു ഡോക്ടർമാരുടെ ഉപദേശം. തുടർന്ന്‌ വെള്ളിയാഴ്ച മഞ്ജുഷയെ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി പകൽ രണ്ടോടെ ഓപ്പറേഷൻ തിയറ്ററിലേക്ക്‌ പ്രവേശിപ്പിച്ച മഞ്ജുഷയെ പിന്നീട്‌ ജീവനോടെ കണ്ടിട്ടില്ല. ഞായർ രാവിലെയാണ്‌ മരണം സംഭവിച്ച കാര്യം ഭർത്താവ്‌ ഷിബുവിനെ ആശുപത്രി അധികൃതർ അറിയിക്കുന്നത്‌. രാവിലെ മഞ്ജുഷയെ സന്ദർശിക്കാൻ അനുവാദം തേടിയപ്പോൾ ശസ്‌ത്രക്രിയക്ക്‌ ശേഷം നടത്തിക്കണമെന്നും അതിനുശേഷം കാണാമെന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്‌. നടക്കുന്നതിനിടെ കുഴഞ്ഞുവീണാണ്‌ മരണമെന്നാണ്‌ അധികൃതരുടെ വാദം. ചികിത്സയ്ക്ക്‌ നേതൃത്വം നൽകിയ ഡോക്ടർ അവധിയിലായിരുന്നു. ശസ്‌ത്രക്രിയക്കുശേഷം മഞ്ജുഷ ശനി രാത്രിതന്നെ മരിച്ചതാകാമെന്നും ആശുപത്രി അധികൃതർ ഇക്കാര്യം മറച്ചുവച്ചതാകാമെന്നും ബന്ധുക്കൾ ആരോപിച്ചു. ഞായർ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. രാത്രിയോടെ ഭർത്താവ്‌ ഷിബുവിന്റെ വീട്ടിൽ സംസ്കരിച്ചു.

Comments
Spread the News
Exit mobile version