ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഐഫോണുകള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലെത്തിക്കാനാണ് ശ്രമം. ” രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റ കമ്പനി ഐഫോണുകള്‍ നിര്‍മിച്ച് ആഗോള ആഭ്യന്തര മാര്‍ക്കറ്റിലെത്തിക്കും. വിസ്‌ട്രോണ്‍ നിര്‍മ്മാണശാല ഏറ്റെടുത്ത ടാറ്റാ ഗ്രൂപ്പിന് അഭിനന്ദനം,” ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പിഎല്‍ഐ (Production-Linked Incentive (PLI) Scheme) പദ്ധതിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
ഇന്ത്യന്‍ ഇലക്ട്രോണിക് കമ്പനികളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എല്ലാ വിധ പിന്തുണയും നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ ഇന്ത്യയെ ആഗോള ഇലക്ട്രോണിക് രംഗത്തെ മികച്ച ശക്തിയായി മാറ്റാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിസ്‌ട്രോണ്‍ നിര്‍മാണശാലയുടെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷമാണ് പുറത്തുവന്നത്. 2025 ഓടെ ആഗോള ഐഫോണ്‍ ഉത്പാദനത്തിന്റെ 18 ശതമാനവും ഇന്ത്യയിലേക്ക് മാറ്റുമെന്ന് ആപ്പിള്‍ കമ്പനിയും അറിയിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് വിസ്‌ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഏറ്റെടുത്തത്.
ചൈനയ്ക്ക് അപ്പുറത്തേക്കുള്ള ഉത്പാദന ശൃംഖല വൈവിധ്യവല്‍ക്കരിക്കാനും ഇന്ത്യയില്‍ നിര്‍മാണം കെട്ടിപ്പടുക്കാനുമുള്ള ആപ്പിളിന്റെ ശ്രമങ്ങള്‍ക്ക് ഈ തീരുമാനം കരുത്തേകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. നിലവില്‍ രാജ്യത്ത് ആപ്പിളിന്റെ രണ്ട് ഔദ്യോഗിക സ്റ്റോറുകളാണ് ഉള്ളത്. മുംബൈയിലെ ആപ്പിള്‍ ബികെസിയും ന്യൂഡല്‍ഹിയിലെ ആപ്പിള്‍ സാകേതുമാണ് നിലവിലെ ആപ്പിള്‍ സ്റ്റോറുകള്‍.
ഇന്ത്യന്‍ വിപണിയെ പ്രശംസിച്ച് ആപ്പിള്‍ സിഇഒ ടിം കുക്കും രംഗത്തെത്തിയിരുന്നു. ”അവിശ്വസനീയമായ വിപണിയാണ് ഇന്ത്യയിലേത്. ഞങ്ങളുടെ ശ്രദ്ധാകേന്ദ്രം കൂടിയാണിത്,” എന്നും അദ്ദേഹം പറഞ്ഞിരുന്നു.