Site icon Ananthapuri Express

ആംബുലന്‍സ് വൈകിയ സംഭവം; അന്വേഷിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

veena grorge

എറണാകുളം പറവൂരില്‍ ആംബുലന്‍സ് വൈകിയ സംഭവം അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശം. രോഗി മരിച്ചത് ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. 900 രൂപ മുന്‍കൂറായി നല്‍കാത്തതിനാലാണ് ആംബുലന്‍സ് എത്താതിരുന്നതെന്നും കുടുംബം പ്രതികരിച്ചിരുന്നു.

വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയാണ് പനി ബാധിച്ച് മരിച്ചത്. കടുത്ത പനി ബാധിച്ച് ഇന്നലെ രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍ രോഗിയെ കയറ്റിയ ശേഷം കയ്യില്‍ എത്രരൂപയുണ്ടെന്ന് ഡ്രൈവര്‍ ചോദിച്ചു. 700 രൂപയാണ് കുടുംബത്തിന്റെ കൈവശമുള്ളതെന്ന് പറഞ്ഞതിന് 900 രൂപ വേണമെന്നായിരുന്നു ഡ്രൈവറുടെ മറുപടി.

ബാക്കി തുക പിന്നീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവര്‍ ഇതിന് സമ്മതിച്ചില്ലെന്നും ഈ സമയത്ത് രോഗി കൂടുതല്‍ അവശയാവുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് പണം സംഘടിപ്പിച്ചതിന് ശേഷമാണ് ആംബുലന്‍സ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

Comments
Spread the News
Exit mobile version