Site icon Ananthapuri Express

പ്രതീക്ഷിത ഒഴിവുകൾ 30നകം റിപ്പോർട്ട്‌ ചെയ്യണം; ഉദ്യോഗാർഥികളെ ചേർത്തുപിടിച്ച്‌ സർക്കാർ

തിരുവനന്തപുരം : വിവിധ വകുപ്പുകളിലെ മുഴുവൻ പ്രതീക്ഷിത ഒഴിവുകളും 30നകം പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്യാൻ സർക്കാരിന്റെ കർശനനിർദേശം. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ വിവിധ തസ്തികകളിലുണ്ടാകുന്ന ഒഴിവുകളാണ്‌ റിപ്പോർട്ട്‌ ചെയ്യേണ്ടത്‌. വീഴ്‌ച വരുത്തിയാൽ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും.

ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്യുന്നതിൽ ചില വകുപ്പുകൾ വീഴ്‌ചവരുത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ്‌ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്‌ പുതിയ നിർദേശം പുറപ്പെടുവിച്ചത്‌. സംസ്ഥാനതല റിക്രൂട്ട്‌മെന്റ്‌ ഒഴിവുകൾ അതത്‌ വകുപ്പ് അധ്യക്ഷർ റിപ്പോർട്ട്‌ ചെയ്യണം. ജില്ലാതല റിക്രൂട്ട്മെന്റ് തസ്തികയിൽ ജില്ലാ ഓഫീസർമാർ അറിയിക്കണം. ഒഴിവുകൾ കണക്കാക്കുമ്പോൾ തസ്തിക മാറ്റനിയമനം, അന്തർ ജില്ലാ, അന്തർ വകുപ്പ് സ്ഥലം മാറ്റം, ആശ്രിത നിയമനം, മറ്റ് നിയമനങ്ങൾ എന്നിവയ്ക്കുള്ള ഒഴിവുകൾ നീക്കിവയ്‌ക്കണം. ഒഴിവ്‌ ഇല്ലെങ്കിൽ അക്കാര്യവും പിഎസ്‌സിയെ അറിയിക്കണം. റാങ്ക്‌ പട്ടിക നിലവിലുള്ള ഒരു തസ്‌തികയിലും എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്, ദിവസക്കൂലി, കരാർ നിയമനം പാടില്ല. റിപ്പോർട്ട്‌ ചെയ്ത ഒഴിവ് ഉദ്യോഗക്കയറ്റം, സ്ഥലം മാറ്റം എന്നിവയിലൂടെ നികത്തരുത്‌.

മറ്റു പ്രധാന നിർദേശങ്ങൾ

● ആറ് മാസമോ അതിലധികമോ ഉള്ള അവധി ഒഴിവുകളും ഡെപ്യൂട്ടേഷൻ ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളായി റിപ്പോർട്ട് ചെയ്യണം

● മൂന്ന് മുതൽ ആറ് മാസംവരെയുള്ള അവധി ഒഴിവ് ദീർഘകാലമാകാനും ആ സമയത്ത്‌ പുതിയ ഒഴിവുകൾ ഉണ്ടാകാനും സാധ്യതയുണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്യണം

● ആറ് മാസംവരെയുള്ള പ്രസവാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല. പ്രസവാവധി ആറ് മാസത്തിലധികം നിലനിൽക്കാനും പുതിയ ഒഴിവുകൾ അക്കാലയളവിൽ ഉണ്ടാകാനും സാധ്യതയുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം.

● ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന (എൻജെഡി ) ഒഴിവുകളെല്ലാം നിർദിഷ്ട സമയം കഴിഞ്ഞയുടൻ റിപ്പോർട്ട്‌ ചെയ്യണം. റിപ്പോർട്ട് ചെയ്യും മുമ്പ് പ്രവേശന സമയം ദീർഘിപ്പിക്കാനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന്‌ ഉറപ്പ്‌ വരുത്തണം

● ഒഴിവ് നിലവിൽ വരുന്ന തീയതി കൃത്യമായി രേഖപ്പെടുത്തണം

● സ്പെഷ്യൽ റിക്രൂട്ട്മെന്റിന്‌ മാറ്റിവച്ചതും ജനറൽ – റിക്രൂട്ട്മെന്റിനുള്ള ഒഴിവുകളും പ്രത്യേകമായി റിപ്പോർട്ട് – ചെയ്യണം.

Comments
Spread the News
Exit mobile version