Site icon Ananthapuri Express

50 കടന്ന പുരുഷന്മാരിൽ പകുതിപ്പേർക്കും പ്രോസ്റ്റേറ്റ് രോഗമെന്ന് പഠനം

രാജ്യത്തെ 50–-60 വയസ്സുകാരായ പുരുഷന്മാരിൽ പകുതിപ്പേർക്കും പ്രോസ്റ്റേറ്റ് രോഗമെന്ന് പഠനം. ഇന്റർനാഷണൽ ജേണൽ ഓഫ് കണ്ടമ്പററി മെഡിക്കൽ റിസർച്ച് (ഐജെസിഎംആർ) പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങളിലാണ് ഈ കണക്കുള്ളത്.

പ്രോസ്റ്റേറ്റ് രോഗികളുടെ എണ്ണം ഇത്ര ഉയർന്നതാണെങ്കിലും അപകടാവസ്ഥയിലെത്തുംവരെ പലരും ഇക്കാര്യം അറിയുന്നില്ലെന്നും വൈകിയ വേളയിൽ രോഗം കൂടുതൽ സങ്കീർണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തുടരെത്തുടരെയുള്ള മൂത്രശങ്ക പ്രോസ്റ്റേറ്റ് രോഗത്തിന്റെ ലക്ഷണമായും കണക്കാക്കുന്നുണ്ട്‌.

പ്രായമായ പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്നതാണ് പ്രോസ്റ്റേറ്റ് വീക്കമെങ്കിലും അതിന്റെ ഗുരുതരാവസ്ഥയെ ഈ പശ്ചാത്തലത്തിൽ അത്ര സാധാരണമെന്നു കരുതി തള്ളിക്കളയാനാകില്ല. ആദ്യഘട്ടത്തിൽ മരുന്നുപയോഗിച്ച് രോഗം നിയന്ത്രിക്കാനാകും. ശരിയായ സമയത്ത് ചികിത്സ ലഭിക്കാതെവന്നാൽ ഒടുവിൽ ലേസർ ശസ്ത്രക്രിയയെ ആശ്രയിക്കേണ്ടിവരുമെന്ന് ആസ്‌റ്റർ മെഡ്‌സിറ്റിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. ടി എ കിഷോർ പറയുന്നു.

ജീവിതശൈലി, കാലാവസ്ഥമാറ്റം, കുടിവെള്ളത്തിലെ മാലിന്യങ്ങൾ എന്നിവയൊക്കെ പ്രോസ്‌റ്റേറ്റ് രോഗത്തിന്‌ കാരണമാകുമെന്ന് വിവിധ അഭിപ്രായങ്ങളുണ്ടെങ്കിലും ഇവയേക്കാളൊക്കെ പ്രോസ്റ്റേറ്റ് വീക്കത്തിന്‌ കാരണമാകുന്നത് ദീർഘനേരം ഇരുന്ന്‌ ജോലി ചെയ്യുന്നതാണെന്ന വസ്തുത ഏറെക്കുറെ അംഗീകരിക്കപ്പെടുന്നു.
പ്രോസ്‌റ്റേറ്റ് രോഗികളുടെ നിരക്ക് വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ വർഷവും സെപ്തംബർ, പ്രോസ്‌റ്റേറ്റ് ബോധവൽക്കരണ മാസമായി ആചരിക്കുന്നത്.

Comments
Spread the News
Exit mobile version