Site icon Ananthapuri Express

കേരളം കെട്ടിപ്പടുത്ത കിഫ്‌ബി; സമാനതകളില്ലാത്ത വികസനമുന്നേറ്റം

തിരുവനന്തപുരം : അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തെ കൈപിടിച്ചുയർത്താൻ എൽഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വ്യാഴാഴ്‌ച സ്ഥാപക ദിനം ആഘോഷിച്ചു. 1999 നവംബർ 11 നാണ്‌ കിഫ്ബി രൂപീകൃതമായത്‌. 2016ലെ ഭേദഗതി നിയമത്തിലൂടെ സർക്കാർ ഇതിനെ ശാക്തീകരിച്ചു. 22 വർഷ ചരിത്രത്തിനിടയിൽ, അഞ്ചുവർഷമായി കിഫ്‌ബിയുടെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തുകയാണ്‌‌. സമാനതകളില്ലാത്ത വികസനമുന്നേറ്റത്തിനാണ്‌ സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

64,338 കോടി രൂപയുടെ 918 പദ്ധതിക്ക്‌ ധനാനുമതിയായി. ദേശീയ പാതാ വികസനം, വ്യവസായ ഇടനാഴികൾ, വ്യവസായ പാർക്കുകൾ എന്നിവയ്‌ക്ക്‌ സ്ഥലമേറ്റെടുക്കാൻ 20,000 കോടി രൂപയുണ്ട്‌.

18,146 കോടി രൂപയുടെ 392 മരാമത്ത്‌ പദ്ധതികളിൽ 211 റോഡുകൾ, 87 പാലങ്ങൾ, 20 മലയോര ഹൈവേ സ്‌ട്രെച്ചുകൾ, 53 റെയിൽവേ മേൽപ്പാലങ്ങൾ, ആറ്‌ തീരദേശ ഹൈവേ സ്‌ട്രെച്ചുകൾ, ഒരു അടിപ്പാത, 14 ഫ്ലൈ ഓവറുകളും ഉൾപ്പെടുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത്‌ 2871 കോടിയാണ്‌ നിക്ഷേപം. സർവകലാശാലകളിലും കോളേജുകളിലുമായി ‌ 1093 കോടിയുടെ നവീകരണ പദ്ധതികൾ നടപ്പാക്കുന്നു. ടൂറിസം മേഖലയ്‌ക്ക് 331.68 കോടിയുണ്ട്‌. 44 സ്‌റ്റേഡിയം ഉൾപ്പെടെ 773.01 കോടി കായിക മേഖലയ്‌ക്കാണ്‌‌. പൊതുജനാരോഗ്യത്തിന്‌ 4,458.51 കോടി രൂപയുമുണ്ട്‌. 15000 കോടി രൂപയോളം ഇതുവരെ വിനിയോഗിച്ചു. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ കിഫ്‌ബിയെ ശാക്തീകരിക്കുമ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്‌നമെന്നാണ്‌ അന്നത്തെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആക്ഷേപിച്ചത്‌.

രക്തം നൽകി സ്ഥാപക ദിനാചരണം
കിഫ്‌ബി സ്ഥാപകദിനം വ്യാഴാഴ്‌ച ജീവനക്കാർ ആഘോഷിച്ചതും വേറിട്ട മാതൃകയിൽ. സ്ഥാപനത്തിലെ 125 ജീവനക്കാരും ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യുട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിന്റെ രക്തബാങ്കിലേക്ക്‌ രക്തം ദാനം ചെയ്‌തു. സിഇഒ ഡോ. കെ എം എബ്രഹാം, അഡീഷണൽ സിഇഒ സത്യരാജൻ, ഡെപ്യൂട്ടി എംഡി വിക്രംജിത്‌ സിങ് തുടങ്ങിയവരും പങ്കാളികളായി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ്‌ റിയാസ്‌ തുടങ്ങിയവർ ആശംസ അറിയിച്ചു.

Comments
Spread the News
Exit mobile version