Site icon Ananthapuri Express

മെസ്സിയുടെ ഇരട്ടഗോളില്‍ പെറു വീണു; വിജയം തുടര്‍ന്ന് ആല്‍ബിസെലസ്റ്റുകള്‍

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് വിജയം. പെറുവിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തെറിഞ്ഞത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയുടെ രണ്ട് ഗോളുകളും നേടിയത്. തുടര്‍ച്ചയായ നാലാം വിജയമാണ് ആല്‍ബിസെലസ്റ്റുകള്‍ സ്വന്തമാക്കുന്നത്.

പെറുവിന്റെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ തന്നെ ലീഡെടുക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. 32, 42 മിനിറ്റുകളിലാണ് മെസ്സിയുടെ തകര്‍പ്പന്‍ ഗോളുകള്‍ പിറക്കുന്നത്. മെസ്സി തന്നെ തുടങ്ങി വെച്ച മുന്നേറ്റത്തിലൂടെയായിരുന്നു ആദ്യ ഗോളിന്റെ വരവ്. പെനാല്‍റ്റി ബോക്‌സില്‍ നിന്ന് നികോ ഗോണ്‍സാലസ് നല്‍കിയ പാസ് കിടിലന്‍ ഫസ്റ്റ് ടച്ചിലൂടെ മെസ്സി ഫിനിഷ് ചെയ്യുകയായിരുന്നു.

ആദ്യ ഗോളിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുന്നേ മെസ്സി രണ്ടാം ഗോളും നേടി. 42-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. ഇത്തവണ എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു അസിസ്റ്റ്. ആദ്യ പകുതി അര്‍ജന്റീന 2-0 എന്ന നിലയില്‍ അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ മെസ്സി ഒരു തവണ കൂടി വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. ലീഡ് നിലനിര്‍ത്തിയ അര്‍ജന്റീന രണ്ട് ഗോളുകളുടെ ഏകപക്ഷീയ വിജയം സ്വന്തമാക്കി.

നാലാം ലോകകപ്പ് യോഗ്യത മത്സരത്തിലും വിജയിച്ച ആല്‍ബിസെലസ്റ്റുകള്‍ 12 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ നിന്നും ഏഴ് പോയന്റുമായി ഉറുഗ്വേ രണ്ടും ഇതേ പോയിന്റുള്ള ബ്രസീല്‍ മൂന്നും സ്ഥാനങ്ങളിലാണുള്ളത്. നവംബര്‍ 22നാണ് അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരാട്ടം.

Comments
Spread the News
Exit mobile version