സന്തോഷ്‌ട്രോഫിക്ക് ഇന്ന് കിക്കോഫ്; കേരളം രാജസ്ഥാനെ നേരിടും

75-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഇന്ന് തുടക്കം. മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. രാത്രി ഏഴിന്‌ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ മന്ത്രി വി അബ്ദുറഹിമാൻ ചാമ്പ്യൻഷിപ്‌ ഉദ്‌ഘാടനം ചെയ്യും. രാത്രി എട്ടിന്‌ ആതിഥേയരായ കേരളം രാജസ്ഥാനുമായി ഏറ്റുമുട്ടും. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ രാവിലെ 9.30ന്‌ ബംഗാൾ-പഞ്ചാബ് മത്സരമുണ്ട്.

ഏഴാം ദേശീയ കിരീടം ലക്ഷ്യമിട്ടാകും കേരളം ഇന്ന് കളത്തിലിറങ്ങുക. ശക്തരുള്ള എ ഗ്രൂപ്പിലാണ്‌ ആതിഥേയർ. രാജസ്ഥാനുമായാണ് ആദ്യകളി. കോഴിക്കോട്ട്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ ഒരുമാസം നീണ്ട  പരിശീലനം പൂർത്തിയാക്കിയാണ്‌ ടീം മഞ്ചേരിയിൽ എത്തിയിട്ടുള്ളത്‌. ബിനോ ജോർജ് പരിശീലിപ്പിച്ച ടീം പരിചയസമ്പത്തും യുവത്വവും സമന്വയിച്ചതാണ്.  അർജുൻ ജയരാജും നിജോ ഗിൽബർട്ടും മുഹമ്മദ്‌ റാഷിദും കെ സൽമാനും ക്യാപ്‌റ്റൻ ജിജോ ജോസഫും അടക്കം പരിചയസമ്പന്നരുടെ നിരയുണ്ട്. അവസാനമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ഉജ്വലപ്രകടനം നടത്തിയ വി മിഥുനാണ് ഗോളി.

മുന്നേറ്റത്തിലുള്ള എം വിഘ്നേഷ് തമിഴ്‌നാട് സ്വദേശിയാണെന്ന സവിശേഷതയുണ്ട്. 1973ൽ കന്നിക്കിരീടം നേടുമ്പോൾ ആർ കെ പെരുമാൾ ടീമിലുണ്ടായിരുന്നു. 49 വർഷത്തിനുശേഷം ആദ്യമായാണ് മറുനാട്ടുകാരൻ കേരള ജേഴ്സി അണിയുന്നത്. തമിഴ്നാട്ടിലെ അതിർത്തിഗ്രാമമായ പൂത്തുറൈ സ്വദേശിയാണ്. കെഎസ്ഇബിക്ക് കളിച്ച് കേരള പ്രീമിയർ ലീഗിൽ മികച്ച താരമായിരുന്നു.

പ്രതിരോധനിരയിലെ ബിബിൻ അജയൻ ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ അതിജീവിച്ച കളിക്കാരനാണ്.  രക്ഷിതാക്കൾ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയതിനാൽ ആലുവ ശിശുസേവാ ശിശുഭവനിലാണ് വളർന്നത്. ഗോൾഡൻ ത്രെഡ്സ് ക്ലബ് കേരള പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ ബിബിന്റെ പ്രകടനം നിർണായകമായി.

Comments
Spread the News