ഇന്ത്യയുടെ പി വി സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. യുഎസ്എയുടെ ബെയ്‌വെന്‍ സാങ് ആണ് അഞ്ചാം സീഡായ സിന്ധുവിനെ അട്ടിമറിച്ചത്. സ്‌കോര്‍:7‐21, 24‐22,21‐15. ആദ്യ ഗെയിം അനായാസം നേടിയ സിന്ധുവിനെ രണ്ടാം ഗെയിമില്‍ അമേരിക്കന്‍ താരം പരീക്ഷിച്ചു.
മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ താരം പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ലോകചാമ്പ്യന്‍ഷിപ്പിന് ശേഷം നടന്ന ആദ്യ മത്സരത്തിലും സിന്ധു തോറ്റിരുന്നു. ചൈന ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടിലാണ് ഇന്ത്യന്‍ താരം പുറത്തായത്.
സിന്ധുവിനൊപ്പം സായ് പ്രണീതും സൈന നേവാളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ആദ്യ റൗണ്ടില്‍ പിന്നില്‍ നില്‍ക്കെ പരിക്കിനെ തുടര്‍ന്ന് സായ് പ്രണീത് പിന്മാറുകയായിരുന്നു. ഇതോടെ ഡാനിഷ് താരം അന്റോണ്‍സണ്‍ അടുത്ത റൗണ്ടിലെത്തി.
സൈന നേവാളും സമാന രീതിയില്‍ പിന്മാറുകയായിരുന്നു. എട്ടാം സീഡായ സൈന ആദ്യ ഗെയിം നേടി. എന്നാല്‍ രണ്ടാം ഗെയിമില്‍ കൊറിയന്‍ താരം കിം ഗാ യുന്‍ തിരിച്ചുവന്നു. മൂന്നാം ഗെയിമില്‍ 8-1ന് പിന്നില്‍ നില്‍ക്കെ സൈന പിന്മാറി.
പി കശ്യപ് രണ്ടാം റൗണ്ടിലെത്തി. ചൈനീസ് തായ്‌പെയ് താരം ലു ചിയാ ഹുങ്ങിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് സീനിയര്‍ താരമായ കശ്യപിന്റെ മുന്നേറ്റം. സ്‌കോര്‍: 21-16,21-16. പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് തിരിച്ചടി. മനു ആത്രി-സുമീത് റെഡ്ഡി സഖ്യം ചൈനീസ് ജോഡിയോട് തോറ്റ് പുറത്തായി.