റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തലാക്കൽ ; ലക്ഷ്യം സ്വകാര്യവൽക്കരണം ; മൂന്നരലക്ഷത്തോളം ഒഴിവുകളിൽ നിയമനമില്ല

തിരുവനന്തപുരം : റെയിൽവേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തലാക്കുന്നത്‌ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട്‌ കേരളത്തിൽനിന്നുള്ള ആയിരക്കണക്കിന്‌ തൊഴിലന്വേഷകർക്ക്‌ തിരിച്ചടിയാണ്‌ റെയിൽവേയുടെ നടപടി. ദേശീയ റിക്രൂട്ട്‌മെന്റ്‌ ഏജൻസിയുടെ പേര്‌ പറഞ്ഞാണ്‌ മറ്റ്‌ റിക്രൂട്ട്‌മെന്റ്‌ ബോർഡുകൾ അടച്ചുപൂട്ടുന്നതെങ്കിലും ജീവനക്കാരെ വെട്ടിക്കുറയ്‌ക്കലും സ്വകാര്യവൽക്കരണവുമാണ്‌ ലക്ഷ്യം.

ദക്ഷിണ റെയിൽവേക്ക്‌ കീഴിൽ തിരുവനന്തപുരം, പാലക്കാട്, മധുര ഡിവിഷനുകൾക്കു വേണ്ടിയുള്ള തിരുവനന്തപുരം റിക്രൂട്ട്‌മെന്റ് ബോർഡാണ്‌ പൂട്ടുന്നത്‌. ഇവിടത്തെ നിയമന നടപടികൾ ചെന്നൈ റിക്രൂട്ട്‌മെന്റ് ബോർഡിന് കീഴിലാക്കാനാണ് തീരുമാനം. സ്റ്റേഷൻ മാസ്റ്റർ, ഗുഡ്‌സ് ഗാർഡ്, ടിക്കറ്റ് ക്ലർക്ക്, സീനിയർ ക്ലർക്ക്, കൊമേഴ്‌സ്യൽ അപ്രന്റിസ്, ട്രെയിൻ ക്ലർക്ക്, ജൂനിയർ/സീനിയർ ടൈം കീപ്പർ, ട്രാഫിക് അസിസ്റ്റന്റ് തുടങ്ങി ഇരുപതോളം തസ്തികകളിൽ തിരുവനന്തപുരം ആർആർബി വഴിയാണ്‌ നിയമനം നടത്തിയിരുന്നത്‌.

കോവിഡിൽ ലക്ഷങ്ങൾ തൊഴിൽരഹിതരായിട്ടും റെയിൽവേയിൽ നിലവിലുള്ള മൂന്നര ലക്ഷത്തോളം ഒഴിവുകളിൽനിയമനം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറല്ല. വരുമാനമുള്ള റൂട്ടുകൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറി. കൂടുതൽ റൂട്ടുകളും സേവനങ്ങളും സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുന്നതോടെ തൊഴിൽരഹിതർ വലയും. നിയമനം സ്വകാര്യ കമ്പനികൾക്ക്‌ ലഭിക്കുന്നതോടെ സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നഷ്‌ടമാകും. റൂട്ടുകൾ സ്വകാര്യമേഖലയ്‌ക്ക്‌ നൽകുന്നതിനൊപ്പം പ്രധാന സ്‌റ്റേഷനുകളും സ്വകാര്യ കമ്പനികൾക്ക്‌ കൈമാറുന്നതിന്റെ തുടർച്ചയായാണ്‌ റിക്രൂട്ട്‌മെന്റ്‌ ബോർഡും നിർത്തലാക്കുന്നത്‌.

കേന്ദ്ര സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. തിരുവനന്തപുരം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എ എം ആരിഫ്‌ എംപി റെയിൽവേ മന്ത്രിക്ക്‌ കത്തയച്ചു. മലയാളി യുവാക്കളുടെ താൽപ്പര്യത്തിനു വിരുദ്ധമാണ്‌ തീരുമാനമെന്ന്‌ അദ്ദേഹം പറഞ്ഞു.

Comments
Spread the News