Site icon Ananthapuri Express

സില്‍വര്‍ ലൈന്‍ അനുമതി വേഗത്തിലാക്കണം; മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന സെമി ഹൈസ്‌പീഡ് റെയില്‍ ലൈന്‍ (സില്‍വര്‍ ലൈന്‍) പ്രോജക്‌ടിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട്ര ഏജൻസികൾ മുഖേന എടുക്കുന്ന ലോണുകളുടെ കടബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി.

ഇത് സ്റ്റേറ്റിന് ഏറ്റെടുക്കാനാകുമോ എന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 33700 കോടി രൂപ കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പു മുഖാന്തിരം ജി.ഐ.സി.എ, എഡിബി, എഐ ഐ ബി, കെ.എഫ് ഡബ്‌ള്യൂ എന്നീ ഏജന്‍സികളില്‍ നിന്ന് ലോണായി കണ്ടെത്താനാണ് പ്രൊപ്പോസൽ. പ്രോജക്ടിനെ കൂടുതൽ പ്രായോഗികമാക്കാനുള്ള മാർഗ്ഗങ്ങളാണ് കേന്ദ്ര റെയിൽ മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കടബാധ്യത റെയിൽവേയ്ക്ക് ഏറ്റെടുക്കാൻ കഴിയാത്തതിനാൽ ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തുടർ ചർച്ചകൾ നടക്കും.

63941 കോടി രൂപയുടെ പ്രോജക്‌ടാണ് സിൽവർ ലൈൻ. ഇതില്‍ 2150 കോടി രൂപയാണ് കേന്ദ്ര വിഹിതം. 975 കോടി മതിപ്പുവിലയുള്ള 185 ഹെക്ടര്‍ ഭൂമിയും റെയില്‍വേയുടേതാണ്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. 13362 കോടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി വരും. ഇത് ഹഡ്‌കോയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കും. ബാക്കിയുള്ള തുക റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, പബ്ലിക് എന്നിങ്ങനെ ഇക്വിറ്റി വഴി കണ്ടെത്തും. പ്രോജക്‌ടിന് റെയില്‍വേ മന്ത്രാലയം പ്രാഥമിക അംഗീകാരം (Approval in principle) നല്‍കിയിട്ടുള്ളതും അന്തിമ അനുമതിക്കായി ഡീറ്റെയില്‍ഡ് പ്രോജക്‌ട് റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളതുമാണ്.

കേന്ദ്ര ധനമന്ത്രാലയം ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയിട്ടുള്ളതുമാണ്.യോഗത്തിൽ രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ, കെ. റെയിൽ മാനേജിംഗ് ഡയറക്‌ടർ കെ. അജിത് കുമാർ, സ്പെഷ്യൽ ഓഫീസർ വിജയകുമാർ, കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments
Spread the News
Exit mobile version