Site icon Ananthapuri Express

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് മാര്‍ക്ക് ദാനമെന്ന് പരാതി

മലപ്പുറം : എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് എല്‍എല്‍ബിക്ക് കോളേജ് അധികൃതര്‍ വഴിവിട്ട് ഇന്റേര്‍ണല്‍ മാര്‍ക്ക് അനുവദിച്ചതായി പരാതി. മലപ്പുറം മേല്‍മുറി എംസിടി കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ് അധികൃതര്‍ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ കലിക്കറ്റ് സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്. കോളേജ് ഗ്രീവന്‍സ് കമ്മിറ്റി അനധികൃതമായി മാര്‍ക്ക് നല്‍കിയെന്നാണ് സഹപാഠികളുടെ ആരോപണം.

എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ആറ് പേപ്പറുകളാണുള്ളത്. ഇതിന്റെ 25 മാര്‍ക്കിന്റെ ഇന്റേര്‍ണലിലാണ് ഗ്രീവന്‍സ് കമ്മിറ്റി മാര്‍ക്ക് നല്‍കിയത്. പല വിഷയങ്ങളിലും നവാസ് അസൈന്‍മെന്റ് സമര്‍പ്പിക്കുകയോ ഇന്റേര്‍ണല്‍ പരീക്ഷക്ക് ഹാജരാവുകയോ സെമിനാര്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. മാര്‍ക്ക് ലിസ്റ്റില്‍ അധ്യാപകര്‍ അവധി മാര്‍ക്ക് ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഗ്രീവന്‍സ് കമ്മിറ്റി നവാസിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കി. ഇന്റേര്‍ണല്‍ പരീക്ഷയും അസൈന്‍മെന്റും യഥാസമയം സമര്‍പ്പിച്ചവര്‍ക്കുപോലും കുറഞ്ഞ മാര്‍ക്ക് ലഭിച്ചപ്പോള്‍ നവാസിന് എല്ലാ വിഷയങ്ങളിലും ശരാശരി 18ന് മുകളില്‍ മാര്‍ക്കുണ്ട്.

പലതിലും അധ്യാപകര്‍ നല്‍കിയ മാര്‍ക്കിന്റെ അഞ്ചിരട്ടി നല്‍കി.ഗ്രീവന്‍സ് കമ്മിറ്റിക്ക് ഇത്തരത്തില്‍ മാര്‍ക്ക് നല്‍കാന്‍ അധികാരമില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അധ്യാപകര്‍ നല്‍കിയ മാര്‍ക്കില്‍ വിദ്യാര്‍ഥികളുടെ പരാതി പരിശോധിക്കാനാണ് ഗ്രീവന്‍സ് കമ്മിറ്റി. പരീക്ഷകള്‍ക്ക് ഹാജരാകാത്തയാള്‍ക്ക് മാര്‍ക്ക് നല്‍കിയത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു.

പരാതിയെക്കുറിച്ച് കോളേജിന് അറിയില്ലെന്നും, ഗ്രീവന്‍സ് കമ്മിറ്റി മാര്‍ക്ക് നല്‍കിട്ടില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍ സിറാജ് പറഞ്ഞു.

Comments
Spread the News
Exit mobile version