കിളിമാനൂർ : പ്ലസ്‌ടു വിദ്യാർഥിനി വിഷംകഴിച്ച് മരിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കിളിമാനൂർ ആലത്തുകാവ് കെ കെ ജങ്ഷൻ മഠത്തിൽവിളാകത്തു വീട്ടിൽ ജിഷ്‌ണു എസ് നായർ (27) ആണ് പിടിയിലായത്. ഇയാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി എസ് മൻസിലിൽ ഷാജഹാൻ – സബീനാബീവി ദമ്പതികളുടെ മകൾ അൽഫിയ (17) ആണ് മരിച്ചത്.
മൂന്ന് മാസംമുമ്പ് ഷാജഹാനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നു. ഇവരെ കിളിമാനൂർ പഞ്ചായത്തിലെ ഗൃഹപരിചരണകേന്ദ്രത്തിൽ എത്തിച്ചത് യൂത്ത് കോൺഗ്രസിന്റെ ആംബുലൻസിലായിരുന്നു. ഈ ആംബുലൻസിലെ സഹായിയായിരുന്ന ജിഷ്‌ണു കോവിഡ് സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാനെന്ന വ്യാജേന അൽഫിയയുടെ ഫോൺ നമ്പർ കരസ്ഥമാക്കിയശേഷം ചാറ്റിങ് ആരംഭിച്ചു. വിവാഹം ചെയ്യാമെന്ന് വാക്കുനൽകി. എന്നാൽ, ഇയാൾ കിളിമാനൂർ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയോട് അടുത്തതോടെ അൽഫിയയെ ഒഴിവാക്കാനാരംഭിച്ചു. താൻ പുതുതായി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുമെന്ന് ജിഷ്‌ണു അറിയിച്ചതോടെ അൽഫിയ മാനസികമായി തകർന്നു.
26ന് താൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ജിഷ്‌ണുവിനെ വിളിച്ചറിയിക്കുകയും വാട്‌സാപ്പിൽ മെസേജ് അയക്കുകയും ചെയ്തു. വിഷം കഴിക്കുന്നതിന്റെ വീഡിയോയും ഫോട്ടോയും അയച്ചുകൊടുത്തു. നിരവധി തവണകളായാണ് അൽഫിയ വിഷംകഴിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഗ്യാസിന്റെ പ്രശ്നങ്ങളാകാം എന്ന സംശയത്താൽ തിരിച്ചയച്ചു. 27നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 28ന് പ്ലസ് വൺ പരീക്ഷ എഴുതാൻ സ്കൂളിൽ പോയിരുന്നു. അന്ന് വൈകിട്ടാണ് അവശയായ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന്, നടത്തിയ പരിശോധനയിൽ എലിവിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തുകയായിരുന്നു. അൽഫിയ വിഷംകഴിച്ച വിവരം ജിഷ്ണു മറച്ചുവച്ചു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും ആത്മഹത്യാപ്രേരണയ്ക്കും കേസ് എടുത്തിട്ടുണ്ട്. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.