കോലഞ്ചേരി : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം, കുന്നത്തുനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കണമെന്ന ആവശ്യവുമായി മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ രംഗത്തുവന്നതിന് പിന്നാലെ കുന്നത്തുനാട്ടിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം വി പി സജീന്ദ്രന്‍ എംഎല്‍എയാണെന്ന ആരോപണവുമായി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ കോ–-ഓര്‍ഡിനേറ്ററുമായ ബി ജയകുമാറും രംഗത്തുവന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോര്‍പറേറ്റ് സംഘടനയായ ട്വന്റി -ട്വന്റിയും എംഎല്‍എയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയാണ് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന് കാരണമെന്ന് ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ എംഎല്‍എ ട്വന്റി- ട്വന്റിക്കെതിരെ പ്രതികരിക്കാതിരുന്നത് ഇതിന് തെളിവാണ്.
മഴുവന്നൂര്‍, ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ കോണ്‍ഗ്രസിന്റെ ദയനീയതോല്‍വിയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പിനെ നയിച്ച എംഎല്‍എക്കാണ്. അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ഐക്കരനാട് പഞ്ചായത്തിലെ പെരിങ്ങോള്‍ വാര്‍ഡ് ഉള്‍പ്പെടെ 14 വാർഡില്‍ 12ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്താണ്. മഴുവന്നൂര്‍ പഞ്ചായത്തില്‍ 16 വാര്‍ഡുകളിലും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും മൂന്നാം സ്ഥാനത്തായി.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാനും ഡിസിസി സെക്രട്ടറിയുമായ സി പി ജോയി കടയിരുപ്പ് ബ്ലോക്ക് ഡിവിഷനില്‍ മൂന്നാം സ്ഥാനത്തും വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍ കുന്നത്തുനാട് പഞ്ചായത്തിലെ പുന്നോര്‍ക്കോട് വാര്‍ഡില്‍ നാലാം സ്ഥാനത്തുമായി. ഡിസിസി സെക്രട്ടറിമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ വാര്‍ഡുകളിലെല്ലാം മൂന്നാം സ്ഥാനത്താണ്. തിരുവാണിയൂര്‍ പഞ്ചായത്തിലെ സിറ്റി വാര്‍ഡില്‍ വോട്ടഭ്യര്‍ഥിച്ച് എംഎല്‍എ വീടുകള്‍ കയറിയെങ്കിലും കെട്ടിവച്ച തുകപോലും കിട്ടാതെ കനത്ത പരാജയം ഏറ്റുവാങ്ങി. എംഎല്‍എയുടെ അടുപ്പക്കാര്‍ക്കുവേണ്ടി വര്‍ഗീയശക്തികളുമായി ഉണ്ടാക്കിയ രഹസ്യകൂട്ടുകെട്ടും ട്വന്റി- ട്വന്റിക്കെതിരെ പ്രചാരണത്തിന് വരാമെന്നേറ്റ ചാണ്ടി ഉമ്മനെ പോലെയുള്ളവരെ വിലക്കിയതും തിരിച്ചടിയായി.
സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മത്സരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി അവരുടെ അവസരങ്ങള്‍ നിഷേധിക്കുന്ന സമീപനമാണ് എംഎല്‍എ സ്വീകരിക്കുന്നത്. സജീന്ദ്രന് കെപിസിസി ഇനി അവസരം നല്‍കിയാല്‍ കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയായ 5360 കോണ്‍ഗ്രസ് വോട്ടര്‍മാരുടെ ഒപ്പുകള്‍ ശേഖരിച്ച് എഐസിസിക്കും കെപിസിസിക്കും പരാതി നല്‍കുമെന്നും ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.