Site icon Ananthapuri Express

എൽഡിഎഫിന്റേത്‌ ഐതിഹാസിക വിജയം: സിപിഐ എം

തിരുവനന്തപുരം: സകല ഇടതുവിരുദ്ധ ശക്തികളെയും അതിജീവിച്ച്‌ അഭിമാനാർഹമായ വിജയമാണ്‌ ജില്ലയിൽ എൽഡിഎഫ്‌ നേടിയതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വിജയം സമ്മാനിച്ച ജില്ലയിലെ മുഴുവൻ വോട്ടർമാരെയും അഭിവാദ്യം ചെയ്യുന്നതായും അവർ പറഞ്ഞു. ബിജെപിയും കോൺഗ്രസും ജില്ലയിൽ പലയിടത്തും വോട്ട്‌ കച്ചവടം നടത്തി. വെൽഫെയർ പാർടി അടക്കമുള്ള വർഗീയ പാർടികളുമായും കൂട്ടുകൂടി. ഈ അവിശുദ്ധ കൂട്ടുകെട്ടിനെയാണ്‌ ‌ എൽഡിഎഫ്‌ തകർത്തെറിഞ്ഞത്‌‌. സംസ്ഥാന സർക്കാരിനു ലഭിച്ച അംഗീകാരമാണ്‌ ഈ വിജയം. കോർപറേഷനിൽ എൽഡിഎഫ്‌ 52 സീറ്റ്‌‌ നേടി‌. നെടുങ്കാട്‌ അടക്കം 25 ഓളം വാർഡുകളിൽ യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയുണ്ടായിരുന്നു.

ജില്ലാ പഞ്ചായത്തിൽ 26ൽ 20 വാർഡും 11 ബ്ലോക്കിൽ 10ഉം എൽഡിഎഫ്‌ നേടി. നാല്‌ നഗരസഭകളിലും എൽഡിഎഫ്‌ അധ്യക്ഷന്മാരാകും ഭരിക്കുക. കഴിഞ്ഞ തവണ 50 പഞ്ചായത്തുണ്ടായിരുന്നത്‌ ഇത്തവണ 52 ആയി.

21 പഞ്ചായത്ത്‌ വാർഡും 27 ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനും ഒരു ജില്ലാ പഞ്ചായത്ത്‌ ഡിവിഷനും കോർപറേഷനിൽ ഒമ്പതു വാർഡും ഇത്തവണ അധികം നേടാനായി. ബിജെപിക്ക്‌ ജില്ലയിൽ വലിയ തിരിച്ചടിയാണുണ്ടായത്‌. കോൺഗ്രസിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായും അവർ പറഞ്ഞു. മേയറെ തെരഞ്ഞെടുക്കാൻ ഒരു പ്രയാസവുമില്ലെന്നും ജയിച്ചുവന്നവരിൽ മേയറാകാൻ യോഗ്യതയുള്ള നിരവധി പേരുണ്ടെന്നും ചോദ്യത്തിന്‌ മറുപടിയായി ആനാവൂർ പറഞ്ഞു. കാലടിയിലും കുന്നുകുഴിയിലും അടക്കമുള്ള പരാജയങ്ങൾ പാർടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments
Spread the News
Exit mobile version