തൊഴിലാളികളുടെ മക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ്; ഫീസ് മറ്റ് സ്ഥാപനങ്ങളുടെ മൂന്നിലൊന്ന്

സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സാധ്യമാക്കാന്‍ സ്ഥാപിച്ച കിലെ സിവില്‍ സര്‍വീസ് അക്കാഡമിയുടെ ആദ്യ റഗുലര്‍ ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. കിലെ ചെയര്‍മാന്‍ കെ എന്‍ ഗോപിനാഥ്, ലേബര്‍ കമ്മീഷണര്‍ ഡോ. എസ് ചിത്ര ഐ എ എസ്, ഇക്കഴിഞ്ഞ സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയില്‍ 481ആം റാങ്ക് നേടിയ അശ്വതി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ ഉന്നത ഉദ്യോഗങ്ങളില്‍ കേരളത്തിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് പ്രാതിനിധ്യം തീരെ കുറവായ സാഹചര്യത്തിലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ അവരെ പ്രാപ്തരാക്കുന്ന രീതിയില്‍ കിലെയുടെ കീഴില്‍ ഒരു കോച്ചിംഗ് സെന്റര്‍ തുടങ്ങുകയെന്ന ആശയം ഉദിച്ചത് വി ശിവന്‍കുട്ടി കിലെ ചെയര്‍മാന്‍ ആയിരുന്ന കാലത്താണ്. 2021 ഫെബ്രുവരിയില്‍ അന്നത്തെ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ കിലെ സിവില്‍ സര്‍വീസ് അക്കാഡമി ഉദ്ഘാടനം ചെയ്തു. 2021 മാര്‍ച്ച് 21ന് നാലു മാസം നീണ്ടുനിന്ന ഒരു ഹ്രസ്വകാല ക്രാഷ് കോഴ്‌സ് ആരംഭിച്ചു. 8 മാസം നീണ്ടുനില്‍ക്കുന്ന പ്രിലിമിനറി പരീക്ഷയുടെ ആദ്യ റഗുലര്‍ ബാച്ചിന്റെ തുടക്കമാണ് ഇന്ന് ആരംഭിച്ചത്. ഈ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചതില്‍ 183 പേര്‍ അപേക്ഷ നല്‍കി. അവര്‍ക്കായി ഒരു മത്സര പരീക്ഷ ഈ മാസം 11 ന് നടത്തി. 132 പേര്‍ പരീക്ഷ എഴുതി,അവരുടെ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അവരില്‍ 75 ശതമാനം മാര്‍ക്ക് നേടിയ 63 പേരെ പ്രാഥമികമായി പരിഗണിച്ചിട്ടുണ്ട്. പട്ടികജാതി പട്ടിക വര്‍ഗക്കാരായി 7 പേരും പിന്നോക്ക സമുദായങ്ങളില്‍ നിന്ന് 43 പേരും മുന്നോക്ക സമുദായങ്ങളില്‍ നിന്ന് 13 പേരും പ്രാഥമിക സെലക്ഷനില്‍ വന്നിട്ടുണ്ട്. അഡ്മിഷന്‍ നടപടികള്‍ പുരോഗമിക്കുന്നു.

ഫീസായി 15,000/രൂപയാണ് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആശ്രിതരില്‍ നിന്നും വാങ്ങുന്നത്. സംഘടിത മേഖലയില്‍ നിന്നുള്ളവര്‍ക്ക് 25,000/രൂപയും മറ്റുള്ളവരില്‍ നിന്നും 30,000/രൂപയും ഈടാക്കും. ഇതര കോച്ചിംഗ് സ്ഥാപനങ്ങള്‍ വാങ്ങുന്നതിന്റെ ഏതാണ്ട് മൂന്നിലൊന്നു ഫീസാണ് കിലെ സിവില്‍ സര്‍വീസ് അക്കാഡമി വാങ്ങുന്നത്. തല്‍ക്കാലം ഓണ്‍ലൈനായി തുടങ്ങുന്ന ക്ലാസ് നേരിട്ട് നടത്തുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ താമസത്തിനും ഭക്ഷണത്തിനും വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകള്‍ വഹിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 60 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്.

വിവിധ വിഷയങ്ങളില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുള്ള പരിചയ സമ്പന്നരായ അദ്ധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. അവരില്‍ പലരും റിട്ടയേര്‍ഡ് കോളേജ് അദ്ധ്യാപകരാണ്. വിഷയങ്ങള്‍ പഠിക്കുന്ന മുറയ്ക്ക് മാസം തോറുംപീരിയോഡിക്കല്‍ ടെസ്റ്റ് പേപ്പര്‍ നടത്തുന്നതാണ്. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിലുള്ള തൊഴിലാളികളുടെ ആശ്രിതരെ പരമാവധി സിവില്‍ സര്‍വീസിന്റെ വിവിധ കേഡറുകളില്‍ എത്തിക്കുക എന്നതാണ് ഈ അക്കാഡമിയുടെ പരമമായ ലക്ഷ്യം. മുഴുവന്‍ പഠിതാക്കള്‍ക്കും സിവില്‍ സര്‍വീസ് ലഭിക്കാതെ വന്നാല്‍ പോലും അവര്‍ക്ക് ഉദ്യോഗം ലഭിക്കാനുള്ള ഇതര പരീക്ഷകള്‍ എഴുതി വിജയിക്കാന്‍ കഴിയുമാറുള്ള വിധത്തില്‍ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നുള്ളതും കോഴ്‌സിന്റെ പ്രത്യേകതയാണ്.

Comments
Spread the News