ക്രിസ്ത്യൻ മിഷണറിയായ ഗ്രഹാം സ്റ്റെയിൻസിനെയും കുട്ടികളെയും തീയിട്ട് കൊന്ന കൊലയാളികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സത്യഗ്രഹം നടത്തിയ ആർഎസ്എസ് നേതാവിനെയാണ് ബിജെപി ഒഡിഷയിൽ മുഖ്യമന്ത്രിയാക്കിയതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ‘മത ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്ത് മുന്നോട്ട് പോകാനാണ് മൂന്നാം മോഡി സർക്കാരിന്റെ തീരുമാനം. ഒരു മുസ്ലീമിനെ പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തയ്യാറായില്ല.’- യെച്ചൂരി പറഞ്ഞു. തൃശൂരിൽ ഇ എം എസ് സ്മൃതി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഫെഡറൽ ഘടന തകർത്ത് ഏകീകൃത ഘടന നടപ്പാക്കാനാണ് ആർഎസ്എസ് നിയന്ത്രിക്കുന്ന ഫാസിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്. ഒരു രാജ്യം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു സംസ്കാരം എന്നത് ഇതിന്റെ ഭാഗമാണ്. ഇതുയർത്തുന്ന വെല്ലുവിളി വലുതാണ്. ഇന്ത്യയുടെ വൈവിധ്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. മോദിയുടെ നേത്യത്തിലുള്ള കുത്തക വർഗീയ കൂട്ടുകെട്ടിന്റെ ലക്ഷ്യം പരമാവധി ലാഭം മാത്രമാണ്. സമ്പത്തുണ്ടാക്കുന്നവരെ നിർബന്ധമായി ബഹുമാനിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. തൊഴിലാളികളും കർഷകരും മോദിക്ക് ഒന്നുമല്ല. ബ്രിട്ടീഷ് ഭരണത്തേക്കാളും രാജ്യത്ത് സാമ്പത്തിക അസമത്വം വളർന്നത് മോദി ഭരണത്തിലാണ്. ഇതിനെതിരെയുള്ള ജനരോഷത്തെ വർഗീയതയും ദേശീയതയും ഉപയോഗിച്ച് വഴിതിരിച്ചു വിടാനാണ് ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി നടപ്പാക്കാൻ ശ്രമിക്കുന്നത്- യെച്ചൂരി പറഞ്ഞു.
ജനാധിപത്യം വോട്ട് ചെയ്യാൻ മാത്രമുള്ളതല്ല. ജനാധിപത്യം ബൂർഷ്യാസിയുടെ കാരുണ്യവുമല്ല. സാധാരണക്കാർ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികൾക്ക് താൽക്കാലിക തിരിച്ചടിയുണ്ടായി. ഇത് ശാശ്വതമാക്കാനുള്ള പോരാട്ടം ശക്തമാക്കണമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയർമാൻ മന്ത്രി കെ രാധാകൃഷ്ണൻ പരിപാടിയിൽ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയും സംഘാടക സമിതി ജനറൽ കൺവീനറുമായ എം എം വർഗീസ് സ്വാഗതവും ഡോ. എം എൻ സുധാകരൻ നന്ദിയും പറഞ്ഞു. ജനാധിപത്യം, ഫെഡറലിസം, നീതി വിഷയത്തിലുള്ള ദേശീയ സെമിനാർ വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.