ദമാസ്‌കസിലെ കോൺസുലേറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രയേലിൽ ഡ്രോൺ മിസൈൽ ആക്രമണം നടത്തി ഇറാൻ. ഓപ്പറേഷന്‍ ഹോണസ്റ്റ് പ്രോമിസ് എന്നായിരിന്നു ഇറാൻ ആക്രമണത്തിന് ഇട്ട പേര്. ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെയായിരുന്നു ആക്രമണമുണ്ടായത്.
ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയതായും ലക്ഷ്യങ്ങള്‍ നേടിയതായും ഇറാന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഗേരി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു. ഇസ്രയേൽ ഭരണകൂടം അതിരു കടന്ന് പ്രവർത്തിച്ചതിനാലാണ് ആക്രമണമെന്നും, ഇസ്രയേൽ പ്രതികരിച്ചാൽ അടുത്ത നീക്കം കൂടുതൽ ശക്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120ലധികം ബാലിസ്റ്റിക്ക് മിസൈലുകളും തൊടുത്തതായാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ ആക്രമണത്തെ ചെറുക്കാനായെന്നും 99% ഡ്രോണുകളും നിർവീര്യമാക്കാൻ സാധിച്ചെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. അമേരിക്കയുമായി ചേർന്ന് കൊണ്ടാണ് ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ തരത്തിലുള്ള വ്യോമാക്രമണങ്ങളേയും നിർവീര്യമാക്കാൻ ഈ സംവിധാനത്തിന് സാധിക്കുമെന്നും പറയപ്പെടുന്നു.
ഇസ്രയേൽ-പലസ്തീൻ ഏറ്റുമുട്ടൽ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ആക്രമണം. ഈ ആക്രമണം കൂടി ആയതോടെ പശ്ചിമേഷ്യയിലെ യുദ്ധഭീതി വീണ്ടും വർധിച്ചിട്ടുണ്ട്. ഇറാൻ ആക്രമണത്തെ ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനും അപലപിച്ചിട്ടുണ്ട്.
ഏപ്രിൽ ഒന്നിനായിരുന്നു ഇസ്രയേൽ ദമസ്‌കസിലെ ഇറാന്റെ നയതന്ത്രകാര്യാലയം ആക്രമിച്ചത്. ആക്രമണത്തിൽ രണ്ട് ജനറൽമാരടക്കം ഏഴ് സൈനികർ കൊല്ലപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനെ തിരിച്ചടിക്കുമെന്നും അത് വൈകില്ലെന്നും ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ചെറിയ പെരുന്നാൾ ദിനത്തിൽത്തന്നെ വ്യക്തമാക്കിയിരുന്നു.