ഗുരുവിന്റെ ആശയങ്ങൾകൂടി ഉൾക്കൊണ്ടാണ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുകൾ ചേർന്ന് കർമചാരി പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി വി ശിവൻകുട്ടി. 91-–-ാമത് ശിവഗിരി തീർഥാടന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലധിഷ്ഠിത പരിശീലനം വിദ്യാഭ്യാസത്തിന്റെ അത്യന്താപേക്ഷിതമായ ഘടകമായി ഗുരു വാദിച്ചു. ആധുനിക കേരളത്തിന്റെ സാമൂഹിക – സാംസ്കാരിക നവോത്ഥാനത്തിലെ ഉന്നത വ്യക്തിത്വമാണ് നാരായണ ഗുരു.
വിദ്യാഭ്യാസത്തിലൂടെ ഭൗതിക പുരോഗതിക്കുവേണ്ടി വാദിച്ച ഗുരു ജാതി അടിസ്ഥാനമാക്കിയുള്ള പ്രത്യയശാസ്ത്രത്തിന്റെ ചങ്ങലകൾ തകർക്കാൻ ലക്ഷ്യമിട്ടു. ഗുരു പണിതുയർത്തിയ സാമൂഹിക നീതിയിൽ അധിഷ്ഠിതമായ മണ്ണിൽ ചവിട്ടിനിൽക്കുന്നതാണ് നമ്മുടെ കരുത്ത്. അനാചാരങ്ങളോട് ഇല്ല എന്നുപറയാനുള്ള ഉറപ്പ് നൽകിയതും ഗുരുവാണ്. ചാതുർവർണ്യ വ്യവസ്ഥിതി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളെ നാം ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വം എംപി അധ്യക്ഷനായി.
ശിവഗിരി തീർഥാടനം സമാപിച്ചു
91-–-ാമത് ശിവഗിരി തീർഥാടനം തിങ്കളാഴ്‌ച സമാപിച്ചു. സമാപനസമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷനായി.
തിങ്കൾ രാവിലെ 7.30ന് ശിവഗിരി ശാരദാമഠത്തിൽനിന്ന് സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ മഹാസമാധി മന്ദിരാങ്കണത്തിലേക്ക് 108 പുഷ്പകലശങ്ങളുമായി പ്രയാണമുണ്ടായി. 10ന് “സംഘടിത പ്രസ്ഥാനങ്ങൾ: -നേട്ടങ്ങളും കോട്ടങ്ങളും’ എന്ന സംഘടനാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടി സിദ്ദിഖ് എംഎൽഎ അധ്യക്ഷനായി. എ എ റഹിം എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, വി വി രാജേഷ് എന്നിവർ മുഖ്യാതിഥികളായി. എം ലിജു, മുരളീധരൻ, ജി പ്രിയദർശനൻ, ഡോ. അജയ് ശേഖർ, രാമകൃഷ്ണൻ ഷാർജ, സുനീഷ് സുശീലൻ, കെ പി സനീഷ്, വി കെ മുഹമ്മദ്, സതീഷ് പ്രഭ, സിനിൽ മുണ്ടപ്പിള്ളി, സ്വാമി അസംഗാനന്ദഗിരി, സ്വാമി ശങ്കരാനന്ദ എന്നിവർ സംസാരിച്ചു.
“ഗുരുദേവ കൃതികളിലെ കാവ്യാത്മകത’ എന്ന സാഹിത്യ സമ്മേളനം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. പ്രഭാവർമ അധ്യക്ഷനായി. കെ വി സജയ്, എം കെ ഹരികുമാർ, ലക്ഷ്മി രാജീവ്, ഡോ. അജയൻ പനയറ എന്നിവർ പ്രഭാഷണം നടത്തി. സമാപന ചടങ്ങിൽ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. തിരുമാവളവൻ എംപി മുഖ്യാതിഥിയായി. കെ കെ ശൈലജ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.