‘റെയിൽവേയുടേത് ബഫർ സമയം കൂട്ടിയുള്ള ഗിമ്മിക്ക്’; വന്ദേഭാരത് മൂലം ട്രെയിനുകൾ വൈകുന്നില്ലെന്ന വാദം പൊള്ളയെന്ന് യാത്രക്കാർ

വന്ദേഭാരത് മൂലം ട്രെയിനുകൾ വൈകുന്നില്ലെന്ന റെയിൽവേയുടെ വാദം പൊള്ളയാണെന്ന് യാത്രക്കാർ. വന്ദേഭാരത് ഓടിത്തുടങ്ങിയതുമുതൽ ട്രെയിനുകൾ വൈകുന്നത് പതിവാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ ഓൺ റെയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചതുകാരണം ട്രെയിനുകൾ വൈകുന്നുവെന്ന മാധ്യമവാർത്തകൾ തള്ളി റെയിൽവേ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

എന്നാൽ ട്രെയിനുകളുടെ അവസാന സ്റ്റേഷനുകളിലെത്തുന്ന ബഫർ സോൺ കൂട്ടിയാണ് ട്രെയിനുകൾ വൈകുന്നില്ലെന്ന് റെയിൽവേ സമർഥിക്കുന്നതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ ട്രെയിനുകൾ നല്ല രീതിയിൽ വൈകാറുണ്ടെന്നും യാത്രക്കാർ പറയുന്നു.

വന്ദേഭാരതിന് വേണ്ടി രാജധാനി, ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ വൈകുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് റെയിൽവേ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ട്രെയിൻ നമ്പർ 20633/20634 തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് സർവീസ് ആരംഭിച്ചിട്ടും തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസിന്‍റെ യത്രാസമയം കുറയുകയാണ് ചെയ്തതെന്നും റെയിൽവേ വിശദീകരിക്കുന്നു. നേരത്തെ 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വേണാട്, വന്ദേഭാരത് വന്നതോടെ 10 മിനിട്ട് വൈകി 5.25നാണ് പുറപ്പെടുന്നത്. എന്നാൽ ഷൊർണൂരിൽ എത്തുന്ന സമയത്തിൽ മാറ്റമില്ലെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു. റെയിൽവേയുടെ ഈ വാദം തെറ്റാണെന്ന് യാത്രക്കാർ പറയുന്നു. 15 മിനിറ്റ് കൊണ്ട് ഓടി എത്തുന്ന വടക്കാഞ്ചേരി – ഷൊർണൂർ ദൂരത്തിന് 50 മിനിറ്റ് ആണ് ബഫർ സമയം കൊടുത്തിരിക്കുന്നത്. പിന്നെ എങ്ങനെ അവസാന സ്റ്റേഷനിൽ ട്രെയിൻ വൈകുമെന്നും യാത്രക്കാർ ചോദിക്കുന്നു. എന്നാൽ കൊല്ലം മുതൽ എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ ഈ ട്രെയിൻ പതിവായി വൈകുന്നതിനെക്കുറിച്ച് റെയിൽവേയ്ക്ക് ഒന്നും പറയാനില്ലെന്നും യാത്രക്കാർ പറയുന്നു.

ആലപ്പുഴ വഴി കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് വേണ്ടി എറണാകുളം-ആമ്പലപ്പുഴ സിംഗിൾ ലൈൻ സെക്ഷനിൽ ആലപ്പുഴ-എറണാകുളം, എറണാകുളം-കായംകുളം എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ക്രോസിങിനായി പിടിച്ചിടാറുള്ളതെന്ന് റെയിൽവേ പറയുന്നു. ഇതിൽ ആലപ്പുഴ-എറണാകുളം പാസഞ്ചറിന്‍റെ പുറപ്പെടുന്ന സമയം മാറ്റിയിട്ടുണ്ട്. ഈ ട്രെയിൻ 20 മിനിട്ട് നേരത്തെ, രാത്രി 7.35ന് എറണാകുളത്ത് എത്തുകയും ചെയ്യും. അതുപോലെ എറണാകുളം-ആലപ്പുഴ പാസഞ്ചർ ട്രെയിൻ 20 മിനിട്ട് വൈകി വൈകിട്ട് 6.25ന് പുറപ്പെടുകയും കൃത്യസമയത്ത് ആലപ്പുഴ എത്തുകയും ചെയ്യുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

അതുപോലെ വന്ദേഭാരത് കാരണം കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്തി എക്സ്പ്രസ് വൈകുന്നുവെന്ന വാദവും തെറ്റാണെന്ന് റെയിൽവേ പറയുന്നു. ചേർത്തലയിലാണ് ഈ ട്രെയിൻ വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നത്. എന്നാൽ ജനശതാബ്തി രാത്രി 9.25ന് തന്നെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ജനശതാബ്ദി വൈകുന്നുണ്ടെങ്കിൽ അതിന് കാരണം വന്ദേഭാരത് അല്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു. എന്നാൽ റെയിൽവേയുടെ ഈ അവകാശവാദവും യാത്രക്കാർ തള്ളുകയാണ്. ഒരു മണിക്കൂർകൊണ്ട് ഓടിയെത്താവുന്ന കൊല്ലം – തിരുവനന്തപുരം ദൂരം പിന്നിടാണ് രണ്ടു മണിക്കൂർ സമയം കൊടുത്താൽ അവസാന സ്റ്റേഷനിൽ ട്രെയിൻ വൈകില്ലെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ എറണാകുളം പിന്നിട്ട് കൊല്ലം എത്തുന്നതുവരെ ജനശതാബ്ദി വളരെ വൈകിയാണ് ഓടുന്നതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

റെയിൽവേയുടെ അഭിമാന സർവീസായ രാജധാനി എക്സ്പ്രസും വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നില്ലെന്ന റെയിൽവേയുടെ വാദവും യാത്രക്കാർ തള്ളി. ഈ മാസം ഇരിങ്ങാലക്കുട, ചാലക്കുടി, തൃശൂർ സ്റ്റേഷനുകളിൽ വന്ദേഭാരതിന് വേണ്ടി രാജധാനി പിടിച്ചിട്ടതായി യാത്രക്കാർ പറയുന്നു.

ഇന്ന് തൃശൂർ-തിരുവനന്തപുരം റൂട്ടിൽ വൈകി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ

1. നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് -50 മിനിറ്റ് വൈകി ഓടുന്നു

2. തിരുവനന്തപുരം – മുംബൈ ഒരു മണിക്കൂർ വൈകിയോടുന്നു

3. തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് 30 മിനിറ്റ് വൈകിയോടുന്നു

4. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് 35 മിനിറ്റ് വൈകിയോടുന്നു

5. എറണാകുളം – ആലപ്പുഴ എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടുന്നു

6. പൂനെ-കന്യാകുമാരി ജയന്തിജനത 30 മിനിറ്റ് വൈകിയോടുന്നു

7. ബംഗളുരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടുന്നു

8. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് 25 മിനിട്ട് വൈകി എറണാകുളം ജങ്ഷൻ പിന്നിട്ടു

Comments
Spread the News