വിഴിഞ്ഞം സമര നേതാവിൻ്റെ ഭാര്യയുടെ അക്കൗണ്ടിലെ 11 കോടിയിൽ അന്വേഷണം

വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന. തുറമുഖ വിരുദ്ധ സമരസമിതിയിലെ ഒരു നേതാവിൻ്റെയും ഭാര്യയുടെയും അക്കൗണ്ട് പരിശോധിച്ചുവരികയാണ്. സമരസമിതി നേതാവ് എ ജെ വിജയൻ്റെ ഭാര്യ ഏലിയാമ്മ വിജയൻ്റെ അക്കൗണ്ടിലൂടെ കഴിഞ്ഞ പത്ത്‌ വർഷത്തിനിടെ 11 കോടിയുടെ വിദേശ ഇടപാട്‌ നടന്നുവെന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു.

ഈ പണം പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം. ഇവർ വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചതായും പ്രാഥമിക സൂചനയുണ്ട്. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഇതര സന്നദ്ധ സംഘടനകൾക്ക് ലഭിച്ചിരുന്ന ഫണ്ടിൻ്റെ ഒരു വിഹിതവും മറ്റുകാര്യങ്ങൾക്ക് കൈമാറിയിരുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സമരത്തെ പിന്തുണയ്‌ക്കുന്ന സംഘടനകൾക്ക്‌ വിദേശ സഹായം ലഭിക്കുന്നുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണിത്‌.

തുറമുഖ നിർമാണത്തിനെതിരെ സമരം നടത്തുന്നവർക്ക്‌ പിന്തുണ നൽകുന്ന പത്ത്‌ സന്നദ്ധ സംഘടനയ്‌ക്ക്‌ വിദേശ സഹായം കിട്ടുന്നതായും കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചു. ഇത് സംബന്ധിച്ചും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ജൂലൈ 20ന് മുമ്പേ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചതായും ബിഷപ്പ് എമിരിറ്റസ് ഡോ.എം സൂസപാക്യത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരത്തിന് ഇരുത്താൻ രഹസ്യനീക്കം നടക്കുന്നതായും കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും ക്യാമ്പ് ചെയ്താണ് കേന്ദ്ര ഏജൻസികൾ വിവരങ്ങൾ ശേഖരിക്കുന്നത്.

Comments
Spread the News