പൂങ്കുളത്ത്‌ വിടർന്നു സുരക്ഷിതത്വത്തിന്റെ പുഞ്ചിരി

മന്ത്രിയുടെ കൈയിൽനിന്ന്‌ സ്വന്തം വീടിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ മേലാംങ്കോട് വാർഡിലെ എസ്  സുരേഷിന്റെയും ഭാര്യയുടെയും കണ്ണുകളിൽനിറഞ്ഞത്‌ ആനന്ദത്തിന്റെ കണങ്ങൾ. വീൽ ചെയറിൽ  വാടകവീടുകൾ മാറിമാറി കഴിയേണ്ടി വന്നതിന്റെ ദൈന്യം മറക്കുന്ന നിമിഷമായിരുന്നു സുരേഷിന്. ഒരു സെന്റ്‌ വസ്തുവായിരുന്നു സുരേഷിന്‌ ആകെയുണ്ടായിരുന്നത്‌.  മകളുടെ വിവാഹത്തോടെ അതും നഷ്ടമായി.  ഭാര്യക്കും ശാരീരിക അവശതകൾ ഉള്ള മകനുമൊപ്പം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്‌. സ്വന്തം വീട് ലഭിച്ചതോടെ വാടക നൽകിയിരുന്ന പണം മരുന്നിനും ഭക്ഷണത്തിനുമായി ഉപയോഗിക്കാമല്ലോ എന്ന ആശ്വാസത്തിലാണ്‌ സുരേഷ്‌. പൂങ്കുളത്ത്‌ 12 കുടുംബങ്ങൾക്കാണ്‌ തിരുവനന്തപുരം നഗരസഭ വീടൊരുക്കിയത്‌.  ബുധൻ വൈകിട്ട്‌ 4.30 ന്‌ മന്ത്രി എം ബി രാജേഷ്‌ താക്കോൽ കൈമാറി.  സുരേഷിനാണ്‌ ആദ്യം താക്കോൽ നൽകിയത്‌.
സംസ്ഥാനത്ത്  കൂടുതൽ പേർക്ക് വീട് നൽകിയ നഗരസഭയാണ് തിരുവനന്തപുരമെന്ന്‌ മന്ത്രി പറഞ്ഞു.  എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്നും  അദ്ദേഹം പറഞ്ഞു. മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയായി. നഗരസഭാ പരിധിയിൽ വിവിധ വാർഡുകളിൽ താമസിക്കുന്ന 12 പേർക്കാണ് ഫ്ലാറ്റ് കൈമാറിയത്. പൊതുവിഭാഗത്തിൽനിന്നുള്ള ആറ് പേർക്കും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആറ് പേർക്കും ഇതോടെ സ്വന്തം ഭവനമായി. പേട്ട വാർഡിലെ കെ ഇന്ദിര, വഞ്ചിയൂർ വാർഡിലെ  കെ ലീല, പൊന്നുമംഗലം വാർഡിലെ മീന, തിരുവല്ലം വാർഡിലെ വള്ളി, മാണിക്യവിളാകം വാർഡിലെ ബൈനോറിൻ, അമ്പലത്തറ വാർഡിലെ സരസ്വതി, ശ്രീകാര്യം വാർഡിലെ മീരാസുകുമാരൻ, വട്ടിയൂർക്കാവ് വാർഡിലെ ജെ തങ്കമ്മ, മുടവന്മുകൾ വാർഡിലെ വിലാസിനി,  മാണിക്യവിളാകം വാർഡിലെ അജികുമാർ, ഷൈലജ തുടങ്ങിയവർക്കാണ് ഫ്ലാറ്റ് ലഭിച്ചത്.
പൂങ്കുളം  വാർഡിലെ 1.17 ഏക്കർ സ്ഥലത്താണ് ഫ്ലാറ്റ് സമുച്ചയം നിർമിച്ചത്. നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്നും രണ്ട് കോടി രൂപയും ആശ്രയ പദ്ധതി, പട്ടികജാതി വികസന പദ്ധതി എന്നിവയും ഉൾപ്പെടുത്തിയാണ്‌ നിർമാണം. 500 ചതുരശ്രഅടിയിൽ രണ്ട് കിടപ്പുമുറികൾ, ഹാൾ, ശുചിമുറി, അടുക്കള, ചുറ്റുമതിൽ,  കുടിവെള്ളം  വൈദ്യുതി, മറ്റ്‌ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്‌.  മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ഡി ആർ അനിൽ, എസ് സലിം, എൽ എസ് ആതിര, ജിഷ ജോൺ, സിന്ധു വിജയൻ, കൗൺസിലർമാരായ വി പ്രമീള, ഡി ശിവൻകുട്ടി, സംഘാടക സമിതി അംഗങ്ങളായ വണ്ടിത്തടം മധു, കെ ജി സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Comments
Spread the News