Site icon Ananthapuri Express

തിരുവനന്തപുരത്ത്‌ പതിനാറുകാരിയെ പീഡിപ്പിച്ചയാൾക്ക് 30 വർഷം തടവ്

പതിനാറുകാരിയുടെ വായിൽ തുണി കെട്ടി മൂടിയിട്ട് രണ്ടുപേർ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ടാം പ്രതിക്ക് മുപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. വലിയതുറ മിനി സ്റ്റുഡിയോക്ക് സമീപം സുനിൽ അൽഫോൺസി (32)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ്  അനുഭവിക്കണം. പിഴ തുക ഇരയായ പെൺകുട്ടിക്ക് നൽകണം.
2014 ഫെബ്രുവരി 26ന് പെൺകുട്ടി പനി മൂലം വലിയതുറ ആശുപത്രിയിൽ ചികിത്സയ്ക്ക് വന്നപ്പോഴാണ് കേസിനാസ്‌പദമായ സംഭവം. ആശുപത്രിയിൽവച്ച് ഒന്നാം പ്രതിയായ പതിനാറുകാരൻ സഹോദരി അന്വേഷിക്കുന്നുവെന്ന്‌ പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു. ഇയാളുടെ ചേച്ചിയും പെൺകുട്ടിയും ഒരുമിച്ച് പഠിച്ചതിനാൽ സംശയം തോന്നാത്തതിനാൽ പെൺകുട്ടി വീട്ടിലേക്ക് പോയി.
വീട്ടിൽ ചെന്നയുടൻ ചേച്ചിയെ അന്വേഷിച്ചപ്പോൾ കതക് അടച്ചു. പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഈ സമയം മുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന രണ്ടാം പ്രതിയായ സുനിൽ കുട്ടിയെ കടന്ന് പിടിച്ചു. കുട്ടി ബഹളം വച്ചപ്പോൾ തുണികൊണ്ട് വായ മൂടിക്കെട്ടി. തുടർന്ന് പ്രതികൾ കുട്ടിയെ ബലാത്സംഗം ചെയ്‌തു.
കുട്ടിയുടെ ബഹളം കേട്ട് സമീപത്തുള്ള സ്ത്രീ വാതിൽ തട്ടിയപ്പോൾ സുനിൽ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു. ഈ സ്ത്രീയാണ് കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലേക്ക്‌ പറഞ്ഞ് അയച്ചത്. വിചാരണവേളയിൽ ഇവർ കൂറുമാറി. ഒന്നാംപ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിലാണ്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. വലിയതുറ സിഐമാരായിരുന്ന ഡി അശോകൻ, സി എസ് ഹരി എന്നിവരാണ് അന്വേഷണം നടത്തിയത്. ജയിലിൽ കിടന്ന കാലാവധി പ്രതിയുടെ ശിക്ഷയിൽനിന്ന് ഇളവ് ചെയ്തിട്ടുണ്ട്.
Comments
Spread the News
Exit mobile version