കടലാക്രമണം തടയാനും തീരപരിപോഷണത്തിനും ചെലവുകുറഞ്ഞതും പ്രകൃതിദത്തവുമായ ബയോ പേവർ റിങ് പദ്ധതി. കോൺക്രീറ്റ് റിങ്ങുകൾ തിരമാലയുടെ രൂപത്തിൽ ചരിവിനനുസരിച്ച് വിരിച്ച് അതിൽ മണൽ നിറയ്‌ക്കും. വമ്പൻ തിരകൾ പോലും തട്ടിച്ചിതറാതെ ഇവയിലൂടെ തഴുകിയൊഴുകും. ‘ബയോ പേവർ റിങ് ബീച്ച് നറിഷ്‌മെന്റ്’എന്നാണ് പേര്. രണ്ടു മീറ്റർവരെ ഡയമീറ്ററും അരമീറ്റർ മുതൽ മൂന്നു മീറ്റർവരെ ഉയരവുമുണ്ടാകും. കടലിൽനിന്ന് കരയിലേക്ക് അഞ്ച് ഡിഗ്രി മുതൽ 20 ഡിഗ്രിവരെ ആവശ്യമുള്ളിടത്ത് അതിലധികം ചരിവിലോ പാകാം. കടലാക്രമണമെന്ന പ്രതിഭാസംതന്നെ അപ്രസക്തമാകും. ചെലവ് കുറവാണെന്നതിനാൽ തീരവാസികൾക്ക് തന്നെ ചെയ്യാം. തിരപോലെ റിങ്ങുകൾ പാകുന്നതിനാൽ വേലിയേറ്റത്തിൽ അടിച്ചുകയറുന്ന മണൽ കരയിൽ സംഭരിക്കപ്പെടും. ജൈവ കവചവും രൂപപ്പെടുത്തും. വലിയ തോതിൽ റിങ് പാകേണ്ടിവരുമ്പോൾ തൊഴിലുറപ്പു തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കാം.
പരിസ്ഥിതി പ്രവർത്തകൻ ചവറ സ്വദേശി വി കെ മധുസൂദനാണ് രൂപകൽപ്പന ചെയ്തത്. പരീക്ഷണാർഥം ശംഖുംമുഖത്ത് നടപ്പാക്കണമെന്നാണ് ആവശ്യം. പദ്ധതി രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറി. വിശദ പരിശോധനയ്ക്കായി എൻസെസിനോട് (എൻസിഇഎസ്‌എസ്) അഭ്യർഥിച്ചിട്ടുണ്ട്. മധുസൂദനൻ സമർപ്പിച്ച മൺട്രോത്തുരുത്ത് അതിജീവന പദ്ധതിയുൾപ്പെടെ പല നിർദേശവും നേരത്തെ അംഗീകരിച്ചിട്ടുണ്ട്.
Comments