
വിഴിഞ്ഞം : കോട്ടപ്പുറം പഴയപാലത്തിനടുത്ത് വൻ മണ്ണിടിച്ചിലിൽ രണ്ട് വീടിന് നാശം. ആശ ഹൗസിൽ പീറ്റർ, സമീപത്തെ സെബാസ്‌റ്റ്യൻ എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്. തിങ്കൾ രാവിലെ ഏഴിനായിരുന്നു സംഭവം.
പീറ്ററിന്റെ വീടിന് സമീപത്തെ മതിൽസഹിതം മണ്ണിടിച്ചിലിൽ നിലംപൊത്തി. ആളപായമില്ല.
നടുക്കംമാറാതെ പീറ്റർ; സങ്കടക്കടലിൽ 12 അംഗ കുടുംബം
തിരുവനന്തപുരം : ‘‘പതിവ് പോലെ രാവിലെ പാല് മേടിക്കാൻ ഇറങ്ങിയതാണ്. പുറത്തേക്കുള്ള പടിക്കെട്ടുകൾ തകർന്ന് വീഴുന്ന കാഴ്‌ചയാണ് കണ്ടത്. വീട്ടിനകത്തേക്ക് തിരിച്ചോടി. കുട്ടികളുമായി പുറത്തിറങ്ങാൻ അലറിവിളിച്ചു. ഭാര്യയും മക്കളും കൊച്ചുമക്കളുമായി അടുത്ത വീട്ടിലേക്ക് പാഞ്ഞു. അതിനകം മതിലും വീടിന്റെ കുളിമുറിയും വർക്ക് ഏരിയയും തകർന്നിരുന്നു’’- പീറ്ററിന്റെ മുഖത്തും വാക്കുകളിലും നടുക്കം വിട്ടുമാറിയിരുന്നില്ല.
വിഴിഞ്ഞം കോട്ടപ്പുറം പഴയാലത്തിനടുത്ത് വൻമണ്ണിടിച്ചിൽ ദുരന്തത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത് പന്ത്രണ്ടംഗ കുടുംബം.
ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണിപ്പോൾ ഇവർ താമസിച്ചിരുന്ന വീട്. ‘‘രാവിലെ ഏഴിനായിരുന്നു സംഭവം. ഞങ്ങൾ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് വൻ ശബ്ദം കേട്ടത്. മക്കളുമായി രക്ഷപ്പെടാൻ ചേട്ടൻ ഉറക്കെ വിളിച്ചു. ഒരായുസ്സ് കൊണ്ട് കെട്ടിപ്പടുത്തതാണ് ഈ വീട്’’–-പീറ്ററിന്റെ ഭാര്യ ബേബി കരച്ചിലോടെ പറഞ്ഞു.
ഇരുവരുടെയും മക്കളായ മേരി ഷൈജ, ആശ, രണ്ട് മരുമക്കൾ, നാല് കൊച്ചുമക്കളുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കൊച്ചുമക്കളിൽ രണ്ടര വയസ്സുള്ള ഇരട്ടകളുമുണ്ട്. മണ്ണിടിച്ചിലിൽ പീറ്ററിന്റെ വീടിന് പുറമെ സമീപത്തെ സെബാസ്‌റ്റ്യന്റെ വസതിക്കും ഭാഗികമായ കേടുപാടുണ്ടായി.