തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ ആരോഗ്യമന്ത്രിയെ കണ്ട് ഞെട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും രോഗികളും. വ്യാഴം രാത്രി പത്തരയോടെയാണ് മന്ത്രി ആശുപത്രിയിൽ എത്തിയത്. രാത്രിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം നേരിട്ട് ബോധ്യമാകാനാണ് മന്ത്രി എത്തിയത്.
മൂന്ന് മണിക്കൂറോളം മന്ത്രി മെഡിക്കൽ കോളേജിൽ ചെലവഴിച്ചു. ആശുപത്രിയിൽ എത്തിയ മന്ത്രി രോഗികളുമായും കൂട്ടിരിപ്പുകാരുമായും ആശയവിനിമയം നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായും സംസാരിച്ചു. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ചുള്ള ജീവനക്കാർ ഉണ്ടോയെന്നും മന്ത്രി പരിശോധിച്ചു. കോവിഡ് കുറഞ്ഞുവരുന്നതിനാൽ അത്യാഹിതവിഭാഗത്തെ പുതിയ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ മന്ത്രി നിർദേശം നൽകി.
മന്ത്രി സന്ദർശിക്കുന്ന സമയത്ത് ചില സീനിയർ ഡോക്ടർമാർ പോലും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് മന്ത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഡ്യൂട്ടി സമയം സീനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും ആശുപത്രിയിൽ ഉണ്ടാകണം. രോഗികൾക്ക് ചികിത്സയും പരിചരണവും കൃത്യമായി ഉറപ്പുവരുത്തണം. അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് ഇത് നിരന്തരം നിരീക്ഷിക്കാനും റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു.ആദ്യം പഴയ അത്യാഹിതവിഭാഗമാണ് മന്ത്രി സന്ദർശിച്ചത്. തുടർന്ന് ഒബ്‌സർവേഷൻ റൂമുകൾ, വാർഡുകൾ, പുതിയ അത്യാഹിത വിഭാഗം എന്നിവയും സന്ദർശിച്ചു. രോഗികളുടെയും ജീവനക്കാരുടെയും സൗകര്യങ്ങളും അസൗകര്യങ്ങളും വിലയിരുത്തി.