Site icon Ananthapuri Express

തിരു. കോർപറേഷൻ സോണൽ ഓഫീസ്‌ 
ക്രമക്കേടിൽ ഒരാൾകൂടി അറസ്‌റ്റിൽ; ബിജെപി സമരം ട്രാജഡിയിലേക്ക്‌

തിരുവനന്തപുരം : ആറ്റിപ്ര സോണൽ ഓഫീസിലെ ക്രമക്കേടിൽ രാജാജിനഗർ സ്വദേശി ജോർജ്‌കുട്ടി(47)കൂടി അറസ്റ്റിൽ. ഇതോടെ മൂന്നുപേർ അറസ്‌റ്റിലായി. ശ്രീകാര്യം സോണലിൽ 1,09746 രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. ഒരു ദിവസത്തെ തുകയാണ്‌ ഇവിടെനിന്നും നഷ്‌ടമായത്‌. തുക ഒടുക്കാൻ നിയോഗിച്ചിരുന്നത്‌ ജോർജ്‌കുട്ടിയെയായിരുന്നു. വെള്ളിയാഴ്‌ച ഇയാളെ കോടതിയിൽ ഹാജരാക്കും.

നേരത്തെ നേമം സോണൽ ഓഫീസിലെ കാഷ്യറെയും ശ്രീകാര്യം ഓഫീസിലെ ജീവനക്കാരനെയും അറസ്‌റ്റ്‌ ചെയ്‌തിരുന്നു. നേമം സോണൽ ഓഫീസിലെ കാഷ്യറെ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്‌.

‘തണ്ടൊടിയുന്നു’; 
‘നിരാഹാരം’ 
ദുരന്തത്തിലേക്ക്‌

കോർപറേഷനിലെ ബിജെപി സമരം ട്രാജഡിയിലേക്ക്‌. രാപ്പകൽ സമരം പൊളിഞ്ഞ ജാള്യം മറയ്‌ക്കാൻ നിരാഹാരം ആരംഭിച്ചതോടെ തണ്ടൊടിയുന്ന അവസ്ഥയിലാണ്‌ താമരപാർടിയുടെ കൗൺസിലർമാർ. അനിശ്ചിതകാല നിരാഹാരത്തിനിറങ്ങിയിട്ട്‌ രണ്ടുദിവസം പോലും തികയ്‌ക്കാതെ ‘തടിതപ്പാൻ’ തുടങ്ങി ഒരോരുത്തരും. ദേഹാസ്വാസ്ഥ്യത്തിന്റെ മറവിലാണ്‌ രക്ഷപ്പെടൽ. ഫോർട്ട്‌, പാങ്ങോട്‌ കൗൺസിലർമാരെ വ്യാഴാഴ്‌ച ദേഹാസ്വാസ്ഥ്യത്താൽ ആശുപത്രിയിലാക്കി. വരും ദിവസങ്ങളിൽ ഇതേ തന്ത്രം പയറ്റി രക്ഷപ്പെടാമെന്നാണ്‌ ചിലരുടെ ഉള്ളിലിരുപ്പ്‌. എല്ലാവരും ഒരുമിച്ച്‌ ശ്രമിക്കരുതെന്നും ഒന്നോ രണ്ടോ പേർ വീതം അതിന്‌ മുതിർന്നാൽ മതിയെന്നുമാണ്‌ നേതൃത്വത്തിന്റെ നിർദേശം.

അക്രമ സമരവുമായി 
യൂത്ത്‌ കോൺഗ്രസ്‌

കോർപറേഷനിൽ ബിജെപിയുടെ ബി ടീമായി മാറിയ യുഡിഎഫിന്റെ അക്രമ സമരം. വ്യാഴാഴ്‌ച യൂത്ത്‌ കോൺഗ്രസുകാരെ രംഗത്തിറക്കിയാണ്‌ സംഘർഷം സൃഷ്ടിച്ചത്‌. കോർപറേഷൻ ആസ്ഥാനത്തേക്ക്‌ നടത്തിയ മാർച്ചിന്റെ മറവിൽ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ പൊലീസ്‌ ലാത്തി വീശി.

Comments
Spread the News
Exit mobile version