കല്ലാർ നെല്ലിക്കുന്ന് ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. തിരുവനന്തപുരം ചിറയ്ക്കറ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം കുറ്റിക്കാട്ടിൽ വീട്ടിൽ അഭിലാഷാ (23)ണ് മരിച്ചത്. ഞായർ വൈകിട്ട് 5.30നാണ് സംഭവം. അഭിലാഷും പാറശാല സ്വദേശി സുജിത്തും രണ്ട് ബൈക്കിലായി പൊൻമുടിയിലേക്ക് പോയതായിരുന്നു. അഭിലാഷിന്റെ അമ്മ കലയും കലയുടെ സഹോദരി സൗമ്യയും ഉണ്ടായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചത് അറിഞ്ഞത്. തിരികെ പോകുന്നതിനിടെ അഭിലാഷും സുജിത്തും ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു. സംഭവം കണ്ട നാട്ടുകാരും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വനസംരക്ഷണ സമിതി പ്രവർത്തകൻ രാജേഷ്, സുഹൃത്ത് രതീഷ് എന്നിവരും ചേർന്ന് സുജിത്തിനെ രക്ഷപ്പെടുത്തി. അഭിലാഷ് ഒഴുകിപ്പോകുകയായിരുന്നു. തുടർന്നുള്ള പരിശ്രമത്തിൽ അഭിലാഷിനെ കരയ്‌ക്കെടുത്ത് വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊബൈൽ ഷോപ് നടത്തിയിരുന്ന അഭിലാഷ് നിലവിൽ ഡ്രൈവറായി ജോലി നോക്കുകയാണ്. അച്ഛൻ: ശ്രീകണ്ഠൻ. സഹോദരി: അനു.
കല്ലാറിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു; സുഹൃത്തിനെ രക്ഷപ്പെടുത്തി

Comments