നേതൃത്വത്തിന്റെ അനുനയ നീക്കവും ഭീഷണിയും പാഴായി. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തീർത്ത് പറഞ്ഞ് കോൺഗ്രസ് വിമത സ്ഥാനാർഥികൾ. ഗത്യന്തരമില്ലാതെ വിമതരെയും സഹായികളെയും കൂട്ടത്തോടെ പുറത്താക്കി ഡിസിസി. നേതൃത്വം സീറ്റുകൾ വിറ്റെന്നും തെറ്റായ പോക്കിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്നും വിമതർ വ്യക്തമാക്കി.
ഡിസിസി അംഗം, മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, മുൻ ജനപ്രതിനിധികൾ ഉൾപ്പെടെ പുറത്താക്കപ്പെട്ടവരിലുണ്ട്. തമ്പാനൂരിലെ വിമത സ്ഥാനാർഥി പാളയം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എസ് എസ് സുമ, ചെറുവയ്ക്കൽ വാർഡിലെ വിജയകുമാരി, ഹാർബറിലെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം നിസാമുദ്ദീൻ, വിഴിഞ്ഞത്തെ പ്രമീള രാജൻ, നന്തൻകോട്ടെ ലീലാമ്മ ഐസക് എന്നിവരാണ് നടപടി നേരിട്ടത്. മുൻ കൗൺസിലറും മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവുമാണ് ലീലാമ്മ ഐസക്. കിഴുവിലം പഞ്ചായത്തിലെ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സന്തോഷ്‌കുമാർ, ഭാര്യയെ വിമത സ്ഥാനാർഥിയാക്കിയ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കുഞ്ഞുശങ്കരൻ, ചിറയിൻകീഴിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഗോപൻ, വെമ്പായം തീപ്പുകൽ വാർഡിൽ എ എ കലാം, തിരുപുറം പഞ്ചായത്തിൽ ഡിസിസി അംഗം ഡി സൂര്യകാന്ത്, കഞ്ചാംപഴിഞ്ഞി അനിൽകുമാർ, പഞ്ചായത്ത് മെമ്പർമാരായിരുന്ന ശാലിനി, ശോഭന, മുള്ളുവിള വാർഡ് പ്രസിഡന്റ് സതീഷ്‌കുമാർ, നാലാഞ്ചിറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പനയപ്പള്ളി ഹരികുമാർ, അടയമൺ വാർഡ് പ്രസിഡന്റ് വി ഷാജി എന്നിവരെ പുറത്താക്കി. കിണവൂർ വാർഡിൽ വിമത സ്ഥാനാർഥിക്കായി പ്രവർത്തിച്ചതിന് നാലാഞ്ചിറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പനയപ്പള്ളി ഹരികുമാറിനെയും പുറത്താക്കി.വിമതരുടെ ആധിക്യം മൂലം പരാജയഭീതി പിടികൂടിയിരിക്കുകയാണ് കോൺഗ്രസ്സിനെ.