സാമൂഹ്യമാധ്യമങ്ങളായ ഫെയ്‌സ് ബുക്ക്, വാട്ട്സ് ആപ്പ് മുഖേന സ്ത്രീകളുടെ ചിത്രവും, ശബ്ദവും ഉപയോഗിച്ച് പോസ്റ്റ് ചെയ്ത് വിദ്യാസമ്പന്നരായ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് “ഹണിട്രാപ്പിലൂടെ പണം തട്ടിവന്ന രാജസ്ഥാൻ സ്വദേശികൾ തിരുവനന്തപുരം സൈബർ ക്രൈം പോലീസിന്റെ പിടിയിൽ.
തിരുവനന്തപുരം സൈബർ ക്രൈം പോലീസിന് ലഭിച്ച തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബർ പോലീസിന്റെ അന്വേഷണത്തിൽ പരാതിക്കാരന് കോളേജ് വിദ്യാർത്ഥിനി Ankita Sharma എന്ന പേരിൽ ഒരു പെൺകുട്ടിയുടെ പ്രൊഫൈൽ ചിത്രം ഉള്ള ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും friend request ലഭിക്കുകയും, തുടർന്ന് Facebook Messenger വഴി നിരന്തരം സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയും, രാത്രികാലങ്ങളിൽ വാട്സാപ്പ് മുഖേനെ ശബ്ദസന്ദേശങ്ങൾ അയച്ച് ആവലാതിക്കാരനെ പ്രലോഭിപ്പിച്ച് സ്വകാര്യ ചിത്രങ്ങൾ കരസ്ഥമാക്കിയശേഷം ആവലാതിക്കാരനെതിരെ പോലീസിൽ പരാതി നൽകുമെന്നും, ആവലാതിക്കാരന്റെ സ്വകാര്യ വീഡിയോ ചിത്രങ്ങൾ ഫെയ്‌സ് ബുക്ക്, വാട്ട്സ് ആപ്പ് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കും എന്നു ഭീഷണിപ്പെടുത്തി മൊബൈൽ മണി വാലറ്റുകൾ വഴി പതിനായിരത്തോളം രൂപ കരസ്ഥമാക്കി എന്നതായിരുന്നു പരാതി.
സാമൂഹ്യമാധ്യമങ്ങളും മൊബൈൽ മണി വാലറ്റുകളും മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രതികൾ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളുടെ വാട്സാപ്പ്, ഫെയ്സ് ബുക്ക് അക്കൗണ്ട്, മൊബൈൽ വാലറ്റ് വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ വിശകലനത്തിലൂടെ പ്രതികൾ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ ഉൾപ്പെട്ട കാമൻ, മേവാത്ത് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തുകയുണ്ടായി. സംസ്ഥാന വ്യാപകമായി ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ ബഹുമാനപ്പെട്ട തിരുവനന്തപുരം സിറ്റി പോലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റെയ്ഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ശ്രീ. സഞ്ജയ് കുമാറിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ്‌റ്റേഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. ശ്യാംലാലിൻറെ നേതൃത്വത്തിൽ പ്രത്യേക അന്വഷണസംഘം രൂപീകരിച്ച് രാജസ്ഥാനിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്,
ഇൻറർനെറ്റ് സൗകര്യം മാത്രം ഉപയോഗിക്കുന്ന പ്രതികൾ സ്ഥിരമായി സംഘടിക്കുന്ന സ്ഥലങ്ങൾ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ്, ഗൂഗിൾ എന്നീ സർവ്വീസ് പ്രൊവൈഡർമാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ Geo Mapping സംവിധാനത്തിലൂടെ മനസ്സിലാക്കുകയും, തുടർന്ന് ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നൂറിലധികം മൊബൈൽ നമ്പരുകളുടെ വിശദാംശങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിച്ച് ഈ കുറ്റകൃത്യത്തിലുൾപ്പെട്ട രാജസ്ഥാനിലെ കാൻ സ്വദേശികളായ നഹർസിംഗ്, സുഖ് ദേവ് സിംഗ് എന്നീ പ്രതികളെ രാജസ്ഥാനിൽ നിന്നും ഡി വൈ എസ് പി T. ശ്യാംലാലിൻറ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റോജ് ആർ, സബ്ബ് ഇൻസ്പെക്ടർമാരായ ബിജു രാധാകൃഷ്ണൻ, ബിജുലാൽ, അസ്സിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടറായ ഷിബു, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാഗ്, വിജേഷ് എന്നിവർ ഭരത്പൂർ ജില്ലയിലെ കാമൻ പോലീസിന്റെ സഹായത്തോടെ ഡിജിറ്റൽ തെളിവുകൾ സഹിതം അറസ്റ്റ് ചെയ്തു.
രാജസ്ഥാൻ, UP, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലുള്ള ഉൾനാടൻ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതികൾ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തുവന്നിരുന്നതെന്നും, ഫെയ്സ്ബു ക്കിൽ നിന്നും പ്രൈവസി പ്രൊട്ടക്ഷൻ ഇല്ലാതെ വ്യക്തികൾ നൽകുന്ന ചിത്രങ്ങളാണ് പ്രതികൾ ഈ കേസിലേയ്ക്ക് ഉപയോഗിച്ചത് എന്നുള്ളതുകൊണ്ടും സാങ്കേതിക വിദ്യയുടെ സഹായത്താൽ പോലും പ്രതികളെ കണ്ടെത്തുന്നത് അത്യന്തം ദുഷ്ക്കരമായിരുന്നു