രമേശ് ചെന്നിത്തലയ്‌ക്ക് ഒരു കോടി രൂപ ഇന്ദിരാ ഭവനിലെത്തി നേരിട്ടു തന്നെ കൈമാറിയെന്ന് ബിജു രമേശ് പറഞ്ഞു. ചെന്നൈയിലെ ഒരു പ്രമുഖ ടെക്‌സ്‌റ്റെയിൽസിന്റെ വലിയ ബാഗിൽ ആയിരത്തിന്റെ നോട്ട് അടുക്കിവച്ചായിരുന്നു എത്തിച്ചത്. ബാഗുമായി ചെന്നിത്തലയ്‌ക്ക് മുമ്പിലെത്തിയപ്പോൾ ഓഫീസിന് പിറകിലെ റൂമിൽ വയ്‌ക്കാൻ പറഞ്ഞു. ബാർ, ബിയർ–വൈൻ പാർലർ ലൈസൻസ് ഫീസ് വർധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കച്ചവടം. ഇതിനായി 2012ലെ പ്രീ ബജറ്റ് ചർച്ചയെ ഉപയോഗിച്ചു. 22 ലക്ഷംരൂപയായിരുന്ന ലൈസൻസ് ഫീസ് 30 ലക്ഷമാക്കുമെന്ന് ബാബു പറഞ്ഞു. തുടർന്ന് 25 ലക്ഷത്തിന് ധാരണയായി. യോഗശേഷം 23 ലക്ഷം മതിയെന്നും ബാക്കി രണ്ട് ലക്ഷംവീതം പത്ത് കോടി വേണമെന്നും ബാബു ആവശ്യപ്പെട്ടതായി ബിജു രമേശ് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ബാറുടമകളിൽനിന്ന് പിരിച്ച പണം നോട്ടായി തന്നെ ബിജു രമേശിന്റെ ഓഫീസിലാണ് എത്തിച്ചത്. ഇതിൽ നിന്നാണ് ഒരു കോടി രൂപ ചെന്നിത്തലയ്‌ക്കും അരക്കോടി ബാബുവിനും എത്തിച്ചത്. എന്നാൽ, വി എസ് ശിവകുമാറിന് 25 ലക്ഷം രൂപ നൽകാൻ തലസ്ഥാനത്തെ മറ്റൊരു ബാറുടമയുടെ അക്കൗണ്ടിൽ നിന്നാണ് പണമെടുത്തത്. ഇത് പിന്നീട് തിരികെ നൽകുകയായിരുന്നു.