തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസ്സ് പതിവ് തമ്മിൽ തല്ലും റിബൽ ഭീഷണിയും കൊണ്ട് പൊറുതി മുട്ടുകയാണ് പലയിടത്തും. ഒരു വാർഡിൽ മൂന്ന് സ്ഥാനാർത്ഥികൾ ഒരേ ചിഹ്നത്തിൽ പ്രചരണം നടത്തുന്ന കാഴ്ച നെയ്യാറ്റിൻകരയിൽ നിന്നാണ്. പെരുങ്കടവിള പഞ്ചായത്തിലെ തത്തിയൂർ വാർഡിലാണ് കോൺഗ്രസ്സിന് മൂന്ന് സ്ഥാനാർത്ഥികൾ എന്ന ഭാഗ്യം കിട്ടിയത്. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ നോമിനിയാണ് കാക്കണം മധു, സന്തോഷ്, ജി സാംകുട്ടി എന്നിവരാകട്ടെ എ ഗ്രൂപ്പുമാണ്. ഇവർ മൂന്നുപേരുമാണ് കൈപ്പത്തി ചിഹ്നത്തിൽ വോട്ടഭ്യർത്ഥിച്ച് പ്രചരണം തുടങ്ങിയത്. ഇതിലാരാണ് ശരിക്കും യുഡിഎഫ് സ്ഥാനാർഥി എന്നതിന് മൂന്നുപേരും അവരവരുടെ പേര് തന്നെയാണെന്ന് ഉറപ്പിച്ച് പറയുന്നു. എ ഗ്രൂപ്പുകാരെ തിരുവനന്തപുരത്ത് ഒതുക്കാനുള്ള മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ വി.എസ് ശിവകുമാറിന്റെ കരുനീക്കമാണിതെന്നും ആരോപണമുണ്ട്. ആർഎസ്എസുമായി എംഎൽഎ ഉണ്ടാക്കിയിട്ടുള്ള ധാരണയിൽ ഏറ്റവും പ്രധാനമാണ് എ ഗ്രൂപ്പിന്റെ സാന്നിധ്യമില്ലാതാക്കൽ. അതിനനുസ്തൃതമായാണ് ഇപ്പോൾ ഐ ഗ്രൂപ്പിന്റെ പ്രവർത്തനവും. പ്രതിപക്ഷ നേതാവിന്റെ അറിവോടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയം.
ഏതായാലും നാട്ടുകാർക്ക് അക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ല എന്ന് എൽഡിഎഫ് പ്രവർത്തകർ പറയുന്നു, കാരണം ഇവരിൽ ആരാണെങ്കിലും വോട്ട് ഇത്തവണ എൽഡിഎഫിന് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വോട്ടർമാർക്ക് യുഡിഎഫിന് വേണ്ടി ആര് മത്സരിച്ചാലും പ്രശ്നമില്ല എന്നാണ് അവരുടെ പക്ഷം. പെരുങ്കടവിളയിൽ മൂന്ന് കൈപ്പത്തി എന്തായാലും വോട്ടിംഗ് മെഷീനിൽ വരില്ല , ഉണ്ടാകാൻ ഇടയുള്ള ഒരെണ്ണം ആർക്കാവും കിട്ടുക എന്നത് ഇനി ഡിസിസി തീരുമാനിക്കും.