കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കാറിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാ ൾ തമിഴ്നാട് പൊലീസിന്റെ പിടിയിൽ. നേമം മലയം ചൂഴാറ്റുകോട്ടയിൽ സജികുമാറാ (അമ്പിളി, 57)ണ് കസ്റ്റഡിയിലുള്ളത്. മലയിൻകീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസിൽ എസ് ദീപു (46)ആണ് കൊല്ലപ്പെട്ടത്. ചൊവ്വ അർധരാത്രി നേമത്തുനിന്നുമാണ് അമ്പിളിയെ പ്രത്യേക അന്വേഷകസംഘം പിടികൂടിയത്. ദീപുവുമായി ബന്ധമുള്ളവരുടെ ഫോൺ കോളുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അ ന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൂക്കുന്നിമലയിലുള്ള ദീപുവിന്റെ ക്രഷർ യൂണിറ്റിൽ അമ്പിളി എത്താറുണ്ടെന്നും പണം വാങ്ങാറുണ്ടെന്നുമാണ് അറിയുന്നത്. ദീപു കൊല്ലപ്പെട്ട ദിവസം രാത്രി 10.15ന് ഒരാൾ ദീപുവിന്റെ കാറിൽനിന്ന് ഒരു ബാഗുമായി ഇറങ്ങിപോകുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. അത്രവ്യക്തമായിരുന്നില്ലെങ്കിലും ഏകദേശം അമ്പിളിയുടെ രൂപസാദൃശ്യമുണ്ടായിരുന്നു. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ മറ്റൊരു സിസിടിവിയിൽനിന്ന് ഇയാളാണ് നടന്ന് പോയതെന്ന് കൂടുതൽ വ്യക്തമാകുന്ന ദൃശ്യം ലഭിച്ചു. പ്രതി അമ്പിളി തന്നെയെന്ന വിശ്വാസത്തിലാണ് പൊലീസ്. അമ്പിളിയെ മലയത്തെ വീട്ടിലെത്തിച്ച തമിഴ്നാട് പൊലീസ് ഇയാളുടെ ഭാര്യയെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സ്പിരിറ്റ്, മണ്ണ്, ക്വാറി മാഫിയകളുമായി ബന്ധമുള്ള അമ്പിളി കൊലക്കേസ്, കവർച്ച ഉൾപ്പെടെ 60 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ, കൊലപാതകത്തിന്റെ കാരണം എന്നിവക്കായി പൊലീസ് അമ്പിളിയെ ചോദ്യം ചെയ്യുകയാണ്. കന്യാകുമാരി എസ്‌പി സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക അന്വേഷക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദീപു തന്റെ ക്രഷറിലേക്ക് മണ്ണ് മാന്തിയന്ത്രവും വർക്ക് ഷോപ്പിലേക്കാവശ്യമായ സാമഗ്രികളും വാങ്ങാൻ കോയമ്പത്തൂരിലേക്ക് പോകവെയാണ് തിങ്കൾ രാത്രി കളിയിക്കാവിള ഒറ്റാമരം പെട്രോ ൾ പമ്പിനുസമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്. ദീപുവിന്റെ മൃതദേഹം അണപ്പാട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ക്രഷർ ഉടമയുടെ കൊലപാതകം: ഒരാൾ പിടിയിൽ
Comments