സ്‌മാർട്ടായി ലൈസൻസ്‌ നേടിയത്‌ 1.32 ലക്ഷം സ്ഥാപനങ്ങൾ

കെ – സ്‌മാർട്ട്‌ ആപ്‌ വഴി ലൈസൻസ്‌ നേടിയത്‌ 1,31,907 സ്ഥാപനം. 1,19,828 വ്യാപാര സ്ഥാപനം ലൈസൻസ്‌ പുതുക്കി. 12,079 പേർ പുതിയ ലൈസൻസ്‌ എടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായാണ്‌ ആദ്യഘട്ടം കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ സ്ഥാപനങ്ങളുടെ ലൈസൻസ്‌, വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്‌ കെ – സ്‌മാർട്ട്‌ സോഫ്‌റ്റ്‌വെയർ വഴിയാക്കിയത്‌.

ഫീസടക്കുമ്പോൾതന്നെ ലൈസൻസ് ലഭിക്കും. 30 വരെയാണ്‌ ലൈസൻസ്‌ പുതുക്കാനുള്ള കാലാവധി. പിന്നീടുള്ള അപേക്ഷകൾക്ക്‌ പിഴയും ലേറ്റ് ഫീസും ഈടാക്കും. ലൈസൻസ്‌ പുതുക്കുമ്പോൾ ഹരിതകർമ സേനകൾക്കുള്ള ഫീസ്‌, തൊഴിൽ കെട്ടിട നികുതികൾ കുടിശ്ശികയാകരുത്‌.

സംരംഭമനുസരിച്ച് സമർപ്പിക്കേണ്ട രേഖകളിൽ മാറ്റമുണ്ടാകും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ആവശ്യമായ സംരംഭങ്ങൾ ബോർഡ് അനുവദിക്കുന്ന സർട്ടിഫിക്കറ്റ്‌, ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ ഹെൽത്ത്‌ കാർഡ്‌ എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണം. ചെറുകിട വൻകിട വ്യത്യാസമില്ലാതെയുള്ള ഒരേ മാനദണ്ഡം പ്രതിസന്ധിയാണെന്നും ഉടനെ കെട്ടിടനികുതി അടക്കാതിരുന്നാൽ വാടകക്കാരനായ വ്യാപാരിക്ക്‌ ലൈസൻസിനു തടസ്സമാകുമെന്നും  വ്യാപാരികൾ പറഞ്ഞു.

കാലാവധി ദീർഘിപ്പിക്കണം: വ്യാപാരി വ്യവസായി സമിതി

വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്‌ പുതുക്കാനുള്ള കാലാവധി ദീർഘിപ്പിക്കണമെന്ന്‌ വ്യാപാരി വ്യവസായി സമിതി  ആവശ്യപ്പെട്ടു. കെ – സ്‌മാർട്ട്‌ സോഫ്‌റ്റ്‌വെയറിനുണ്ടായ ബുദ്ധിമുട്ട്‌ പുതുക്കുന്നതിന്‌ തടസ്സമായി. കെട്ടിടങ്ങളുടെ ക്രമവൽക്കരണം പൂർത്തിയാകാത്തതും പ്രതിസന്ധിയാണ്‌.

എല്ലാ വർഷവും കെട്ടിടത്തിന്റെ കരാർ പുതുക്കുന്നത്‌ പ്രയാസമാണ്‌. വിവിധ കാര്യങ്ങൾ പരിഗണിച്ച്‌ ലൈസൻസ്‌ പുതുക്കാനുള്ള കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിക്കണമെന്ന്‌ സമിതി സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മദ്‌ കോയയും സെക്രട്ടറി ഇ എസ്‌ ബിജുവും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Comments
Spread the News