നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് വിദ്യാർഥികളുടെ സ്കോർ കാർഡിലെ വിവരങ്ങൾ പുറത്ത്. ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട നീറ്റ് സ്കോർ കാർഡിൽ മാർക്കുകളുടെ ശതമാനത്തിൽ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറസ്റ്റിലായ വിദ്യാർഥികളിൽ ഒരാളായ അനുരാഗ് യാദവിന് 720ൽ 185 മാർക്കാണ് ലഭിച്ചത്. 54.84 പെർസന്റൈൽ. വ്യക്തിഗത വിഷയങ്ങളിലെ മാർക്ക് പരിശോധിക്കുമ്പോൾ ഫിസിക്‌സിൽ 85.8 പെർസന്റൈലും ബയോളജിയിൽ 51പെർസെന്റൈലുമാണ് അനുരാഗ് നേടിയത്. എന്നാൽ കെമിസ്ട്രിക്ക് വെറും 5 പെർസന്റൈലാണ് അനുരാഗിന്റെ മാർക്ക്.
കേസിൽ കസ്റ്റഡിയിലുള്ള മറ്റൊരു വിദ്യാർഥിക്ക് 300 മാർക്കാണ് ലഭിച്ചത്. 73.37 പെർസന്റൈൽ. എന്നാൽ വ്യക്തിഗത വിഷയങ്ങളിൽ ശതമാനത്തിൽ പ്രകടമായ വ്യത്യാസമുണ്ട്. ബയോളജിക്ക് വിദ്യാർഥി 87. 8 പെർസന്റൈൽ നേടിയപ്പോൾ ഫിസിക്സിന് 15.5 പെർസന്റൈലും കെമിസ്ട്രിക്ക് 15.3 പെർസന്റൈലുമാണ് ലഭിച്ചത്.
പരീക്ഷയുടെ തലേദിവസം രാത്രി ചോദ്യക്കടലാസ് ലഭിച്ചതായി അറസ്റ്റിലായ അനുരാഗ് യാദവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തലേദിവസം ചോദ്യപേപ്പർ കിട്ടിയിട്ടും കെമിസ്ട്രി പരീക്ഷയുടെ ഉത്തരങ്ങൾ മനഃപാഠമാക്കാൻ അനുരാഗിനു കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ നിഗമനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ കോട്ടയിലുള്ള കോച്ചിങ് സെന്ററിൽ പരിശീലനത്തിലായിരുന്ന തന്നെ പരീക്ഷയ്ക്ക് മുമ്പ് ബന്ധുവായ സിക്കന്ദറാണ് നാട്ടിലേക്ക് വിളിച്ചു വരുത്തിയതെന്ന് അനുരാഗ് മൊഴി നൽകിയിരുന്നു. പരീക്ഷയുടെ തലേദിവസം രാത്രി തന്നെ ചോദ്യപേപ്പർ ലഭിച്ചിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു. സിക്കന്ദറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമിത് ആനന്ദ്, നിതീഷ് കുമാർ എന്നീ വിദ്യാർഥികളിൽ നിന്ന് സിക്കന്ദർ യാദവേന്ദു 30-32 ലക്ഷം രൂപ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.