കുവൈറ്റ് ദുരന്തത്തിൽ മന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്ര നിലപാടില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് ദൗർഭാഗ്യകരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത മുഖത്ത് വിവാദത്തിനില്ലെന്നും സംസ്ഥാന സർക്കാരിന്‍റെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര- സംസ്ഥാന ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് നടപടിയെന്നും പിണറായി വിജയൻ കത്തിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനോട് നിർദ്ദേശിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കുവൈറ്റ് തീപിടിത്തത്തിൽ ജീവൻ നഷ്ടമായവർക്ക് നിയമസഭ അനുശോചനം രേഖപ്പെടുത്തി. 24 മലയാളികൾ ഉൾപ്പെടെ 49 പേരാണ് ദുരന്തത്തിൽ മരിച്ചത്. മന്ത്രി സഭ ചേർന്ന് ആരോഗ്യ മന്ത്രിയെ കുവൈറ്റിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കേന്ദ്രം പൊളിറ്റിക്കൽ ക്ലിയറൻസ് നൽകിയില്ല. പ്രതിപക്ഷ നേതാവ് ഉൾപ്പടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.