VIDEO – പൊലീസ് കൈ കാണിച്ചെങ്കിലും നിർത്തിയില്ല, കഴുത്തിൽ വടം കുരുങ്ങി റോഡിലേക്ക്‌; സിസിടിവി ദൃശ്യങ്ങൾ

പ്രധാനമന്ത്രിയ്‌ക്ക്‌ സുരക്ഷ ഒരുക്കാൻ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ചസംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്‌. സൗത്ത് പാലം വഴി വന്ന മനോജ് രവിപുരം റോഡിലേക്ക് തിരിയാതെ നേരെ പോകുന്നത് കണ്ട്‌ പൊലീസ്‌ കൈ കാണിച്ചെങ്കിലും സ്‌കൂട്ടർ നിർത്തിയില്ല. കഴുത്തിൽ വടം കുരുങ്ങി മനോജ് തലയടിച്ച് റോഡിൽ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പൊലീസുകാർ എടുത്ത്‌ ആശുപത്രിയിലേക്കായി കൊണ്ടുപോകുന്നതും കാണാം.

രവിപുരം മാനുളിപ്പാടം കോർപറേഷൻ കോളനിയിൽ ഉണ്ണിയുടെയും വിമലയുടെയും മകൻ മനോജ് ഉണ്ണി (28) ആണ് മരിച്ചത്. ഞായർ രാത്രി ഒമ്പതിന്‌ ശേഷമായിരുന്നു അപകടം.

video courtesy Deshabhimani

പനമ്പള്ളി നഗറിൽ കൂട്ടുകാരുമൊത്ത് വിഷു ആഘോഷിച്ച ശേഷം വരികയായിരുന്നു മനോജ്‌. ഏഴ് വർഷമായി പച്ചാളം വടുതല മൂളിക്കണ്ടം ജങ്‌ഷന് സമീപം വാടക വീട്ടിലാണ് മനോജും കുടുംബവും താമസിച്ചിരുന്നത്‌. അച്ഛൻ മനോജ്‌ കോർപറേഷൻ ശുചീകരണ തൊഴിലാളിയാണ്‌. അച്ഛൻ ചികിത്സയിലായിരിക്കെ നാലു വർഷം മനോജ് പകരക്കാരനായി കോർപറേഷനിൽ ജോലി ചെയ്‌തിരുന്നു. സഹോദരി: ചിപ്പി.

പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ്‌ റോഡിൽ വടം കെട്ടിയതെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ ശ്യാം സുന്ദർ പറഞ്ഞു. പ്രധാനമന്ത്രിക്ക്‌ സുരക്ഷാ ഭീഷണിയുണ്ട്‌. ഇരുചക്രവാഹനങ്ങളിൽ എത്തി ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്താണ്‌ വടം കെട്ടി സുരക്ഷ ഒരുക്കിയത്‌. വടം കെട്ടിയ സ്ഥലത്തിനു സമീപം മൂന്നു പൊലീസുകാരെ മുന്നയിപ്പ്‌ നൽകാൻ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ മുന്നറിയിപ്പ്‌ അവഗണിച്ചാണ്‌ മനോജ്‌ അമിതവേഗതയിൽ സ്‌കൂട്ടർ നിർത്താതെ പോയത്‌. വടം വ്യക്തമായി കാണാമായിരുന്നു. വെളിച്ചക്കുറവുണ്ടായിരുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്‌.

സംഭവത്തിൽ കേസെടുത്തിട്ടുണ്ട്‌. മനോജിന്റെ രക്തസാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു. ഇയാൾക്ക്‌ ലൈസൻസില്ലെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. ലേണേഴ്‌സ്‌ മാത്രമാണുണ്ടായിരുന്നത്‌. അതിന്റെ കാലാവധി കഴിഞ്ഞു. അമിതവേഗത്തിലാണ്‌ വന്നതെന്ന്‌ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്‌ വ്യക്തമാണെന്നും കമീഷണർ പറഞ്ഞു.

Comments
Spread the News