Site icon Ananthapuri Express

മലയാള സിനിമയുടെ കുലപതി മധുവിന്റെ 86-ാം ജന്മദിനം ആഘോഷിച്ചു

‘മാനസമൈനേ വരൂ’… മനസ്സുനീറി പരീക്കുട്ടി പാടുന്ന ദൃശ്യം സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ വെള്ളിത്തിരയിലെ ഭാവാഭിനയ ചക്രവർത്തിയുടെ ചുണ്ടിൽ ചിരി വിടർന്നു. തലമുറകളെ മോഹിപ്പിച്ച അതേ ചിരി. താൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ ഒന്നൊന്നായി  സ്‌ക്രീനിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മുഖത്തും ഭാവങ്ങൾ മാറിമാറിയെത്തി.  86–-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടൻ മധുവിന്‌ ആദരമർപ്പിച്ച്‌ തിരുവനന്തപുരം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച ‘മധു മധുരം തിരുമധുരം’ പരിപാടി തലസ്ഥാനത്തിന്റെ ആദരവായി. സാംസ്‌കാരികമന്ത്രി എ കെ ബാലൻ  ഉദ്‌ഘാടനംചെയ്തു. മധുവിന്‌ പ്രസ്‌ക്ലബ്ബിന്റെ പുരസ്‌കാരവും മന്ത്രി സമ്മാനിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ മധുവിനെ പൊന്നാടയണിയിച്ചു. മലയാളസിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നടനാണ്‌ മധുവെന്ന്‌ മന്ത്രി പറഞ്ഞു. താൻ സംവിധാനംചെയ്ത 30 ചിത്രങ്ങളിൽ 11 ലും മധുവായിരുന്നു നായകനെന്ന്‌ ശ്രീകുമാരൻതമ്പി പറഞ്ഞു. അത്രമേൽ ആഴത്തിലുള്ള സൗഹൃദമാണ്‌. മധു നിർമിക്കുന്ന സിനിമയിൽ അഭിനയിക്കാൻ ഇപ്പോഴേ സമ്മതമാണെന്നായിരുന്നു  നടൻ മുകേഷിന്റെ വാക്കുകൾ. മധുവിനെക്കുറിച്ച്‌ മരുമകൻ പി കൃഷ്‌ണകുമാർ തയ്യാറാക്കിയ  “മധു ദി ആക്ടർ ഡോട്ട്‌ കോം’ എന്ന വെബ്‌സൈറ്റിന്റെ സ്വിച്ച്‌ ഓൺ ശ്രീകുമാരൻതമ്പി നിർവഹിച്ചു.   മധുവിന്റെ ആദ്യസിനിമയായ “നിണമണിഞ്ഞ കാൽപ്പാടുകളി’ലെ  പ്രേംനസീറും മധുവും ചേർന്നുള്ള രംഗവും പ്രദർശിപ്പിച്ചു.  പ്രസ്‌ക്ലബ്‌ സെക്രട്ടറി എം രാധാകൃഷ്‌ണൻ അധ്യക്ഷനായി. എംഎൽഎമാരായ വി എസ്‌ ശിവകുമാർ , ഒ രാജഗോപാൽ, സംവിധായകൻ ഷാജി എൻ കരുൺ, ഇന്ദ്രൻസ്‌, ഗോപിനാഥ്‌ മുതുകാട്‌, പന്ന്യൻ രവീന്ദ്രൻ, ജി സുരേഷ്‌കുമാർ, മേനക സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. കെ ആർ അജയൻ സ്വാഗതവും സാബ്ലു തോമസ്‌ നന്ദിയും പറഞ്ഞു.

Comments
Spread the News
Exit mobile version