Site icon Ananthapuri Express

ഡിസൈൻ ഉപരിപഠനത്തിന്‌ ‘സീഡ്‌ ’: ഒക്ടോബർ 9 മുതൽ അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഡിസൈൻ ഉപരിപഠനത്തിനായുള്ള  കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ  (സീഡ്–-2020) പരീക്ഷയുടെ ഇൻഫർമേഷൻ ബുള്ളറ്റിൻ ഐഐടി ബോംബെ പ്രസിദ്ധീകരിച്ചു. ഡിസൈൻ രംഗത്ത് എംഡിസ്, പിഎച്ച്ഡി പഠനത്തിനുള്ള സീഡിന്‌  ഒക്ടൊബർ ഒമ്പതു മുതൽ നവംബർ ഒമ്പതുവരെ  ഓൺലൈനായി  www.ceed.iitb.ac.in ൽ അപേക്ഷിക്കാം. 500 രൂപ ലേറ്റ്‌ ഫീസ്‌ നൽകി നവംബർ 16 വരെ അപേക്ഷിക്കാം. രണ്ട്‌ ഭാഗങ്ങളുള്ള മൂന്ന്‌ മണിക്കൂർ പരീക്ഷ ജനുവരി 18ന്‌ രാവിലെ 10 മുതൽ ഒന്നു വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അഡ്‌മിറ്റ്‌ കാർഡ്‌ ജനുവരി ഒന്നു മുതൽ ലഭിക്കും.  പരീക്ഷാ ഫലം മാർച്ച്‌ നാലിന്‌ പ്രസിദ്ധീകരിക്കും.

യോഗ്യത
 ബിരുദം / 3 വർഷ ഡിപ്ലോമ / പിജി  2020 ജൂലൈയിൽ ഫൈനൽ പരീക്ഷയെഴുതിയാലും മതി. 5 വർഷ ജിഡി ആർട്സ് ഡിപ്ലോമ 2020  ജൂലൈയിൽ പൂർത്തീകരിക്കുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല. എത്ര തവണയും എഴുതാം.  സീഡ്‌ സ്‌കോറിനെ അടിസ്ഥാനമാക്കിയുള്ള പ്രവേശനം ഓരോ സ്ഥാപനങ്ങളിലും വ്യത്യസ്‌ത രീതിയിലായിരിക്കും. അഭിരുചിയാണ്‌ അപേ ക്ഷിക്കാനുള്ള പ്രധാനഘടകം.

പരീക്ഷയ്ക്ക് 2 ഭാഗങ്ങൾ
പാർട്ട് എ: ഒരു മണിക്കൂർ ഓൺലൈൻ ഒബ്ജെക്ടീവ് ടൈപ്പ് പരീക്ഷ. പൊതുവിജ്ഞാനം, ദൃശ്യവിശകലനം, യുക്‌തിവിശകലനം, രൂപകൽപന, ഭാഷാശേഷി എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. വെർച്വൽ കീപാഡ് ഉപയോഗിച്ചു ചെയ്യേണ്ട ഗണിതചോദ്യങ്ങളുമുണ്ടാകും.

പാർട്ട് ബി: രണ്ടു മണിക്കൂർ എഴുത്തുപരീക്ഷ. ഡിസൈൻ, ഡ്രോയിങ് അഭിരുചി, ആശയ വിനിമയം, നിർധാരണ ശേഷി എന്നിവ വിലയിരുത്തും. ചോദ്യങ്ങൾ കംപ്യൂട്ടറിൽ തെളിയും. ഉത്തരമെഴുതേണ്ടത് പ്രത്യേക  ബുക്കിലാണ്.

പാർട്ട് എയിൽ നിശ്ചിത മാർക്കുണ്ടെങ്കിൽ മാത്രമേ പാർട്‌ ബി ഉത്തരങ്ങൾ മൂല്യനിർണയം നടത്തൂ. പാർട്‌ ബിയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സീഡ് സ്കോർ നിശ്ചയിക്കുന്നത്.
പരീക്ഷാ കേന്ദ്രങ്ങൾ : കേരളത്തിൽ: എറണാകുളം, കോഴിക്കോട്‌, തിരുവനന്തപുരം, തൃശൂർ. അപേക്ഷാ ഫീസ്‌ :പരീക്ഷാഫീസ്: 2600 രൂപ; പെൺകുട്ടികൾക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും 1300 രൂപ.

കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: +912225764063/9093/9094. ഇ മെയിൽ:ceed@iitb.ac.in   
വെബ്‌സൈറ്റ്‌ : www.ceed.iitb.ac.in

Comments
Spread the News
Exit mobile version